കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഫോര്‍ച്യുണര്‍ കാര്‍ അപകടത്തില്‍ പെട്ടത്. കാറിനകത്ത് കുടുങ്ങിയ യാത്രക്കാരനെ പരിസരവാസികളാണ് പുറത്തെടുത്തത്. ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മതില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പണിത കുഴിയിലേക്കാണ് കാര്‍ തലകുത്തനെയായി മറിഞ്ഞത്. കാര്‍ ഭാഗീകമായി തകര്‍ന്നു. ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി പലയിടത്തും റോഡരികില്‍ കുഴിയെടുത്തിരിക്കുകയാണ്. ചിലയിടങ്ങളില്‍ സുരക്ഷാ വേലിയോ മുന്‍കരുതല്‍ ബോര്‍ഡുകളെ സ്ഥാപിച്ചിട്ടില്ല. ഇവിടങ്ങളില്‍ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. മിക്കയിടത്തും സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. ഇത്തരം ഭാഗങ്ങളില്‍ മതിയായ സൗകര്യമില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദേശീയ പാതയുടെ നവീകരണ പ്രവൃത്തി നടക്കുമ്പോള്‍ പലയിടത്തും കുഴികള്‍ക്ക് മുന്നില്‍ അപകട സൂചനാബോര്‍ഡോ മറ്റും സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി യാത്രക്കാര്‍ പറഞ്ഞു.
