നഷ്ടമായ ബാഗ് മണിക്കൂറുകള്‍ക്കകം കണ്ടെത്തി, പോലീസിന്റെ കാര്യക്ഷമതയെയും നന്മയെയും പ്രകീര്‍ത്തിച്ച് വനിതാ നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പ്

കാസര്‍കോട്: ദയയോ, കരുണയോ അനുകമ്പയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്തവര്‍ എന്നാണ്, യൂണിഫോമിട്ട് കഴിഞ്ഞാലുള്ള പോലീസുകാരുടെ മനസ്ഥിതിയെക്കുറിച്ച് ചിലരുടെ ധാരണ. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നന്മവറ്റാത്ത മേല്‍പറമ്പിലെ പോലീസുകാര്‍. തെക്കില്‍ ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ സജീന നിസ്താര്‍ തനിക്കുണ്ടായ ഒരനുഭവത്തെ കുറിച്ച് ഫേസ് ബുക്കിലൂടെ പങ്കുവയ്ക്കുകയാണ്.
‘ ചൊവ്വാഴ്ച രാവിലെ മാവേലി എക്‌സ്പ്രസിന് കൊല്ലത്തുനിന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. കെ.എസ്.ആര്‍.ടി.സി ജോലി ചെയ്യുന്ന ടാറ്റ ആശുപത്രിയിലേക്ക് ബസില്‍ പുറപ്പെട്ടു. പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞും എട്ടുവയസ്സായ മകളും കൂടെയുണ്ടായിരുന്നു. ചട്ടഞ്ചാല്‍ ബസ് സ്റ്റോപില്‍ ഇറങ്ങിനോക്കിയപ്പോള്‍ വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ ബാഗ് ബസിനുള്ളില്‍ മറന്നുപോയി. കരഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്ന എന്നെയും മക്കളെയും അതുവഴി വന്ന ഒരാള്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ വിട്ടു. അവിടെ കൈക്കുഞ്ഞുമായി കയറി കാര്യം പറഞ്ഞപ്പോള്‍ പോലീസുദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ വിളിച്ചുപറയുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ഞങ്ങളെ അവര്‍ പിന്നീട് പോലീസ് വാഹനത്തില്‍ കാസര്‍കോട് സ്റ്റേഷനില്‍ കൊണ്ടുപോയി. നഷ്ടപ്പെട്ട ബാഗ് സുരക്ഷിതമായി അവിടെ ഉണ്ടായിരുന്നു. കുഞ്ഞ് വിശന്നുകരയുന്നതുകണ്ട കൂടെ വന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ വനിതാ സ്റ്റേഷനില്‍ കൊണ്ടുപോയി കുഞ്ഞിന് പാല്‍ കൊടുക്കാനുള്ള സൗകര്യം ചെയ്തുതന്നു. ആദ്യമായാണ് ഞാന്‍ പോലീസ് സ്റ്റേഷനിലും പോലീസ് വാഹനത്തിലും കയറുന്നത്. എന്റെ നഷ്ടപ്പെട്ട ബാഗ് തിരിച്ചു തരാന്‍ സഹായിച്ച,
മേല്‍പ്പറമ്പ് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി…..’
മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നിര്‍ദേശപ്രകാരം സി.പി.ഒ.മാരായ സക്കറിയയും നിതേഷുമാണ് സജീനയ്ക്ക് ചൊവ്വാഴ്ച തുണയായത്. രണ്ടാഴ്ച മുന്‍പ് വാഹന യാത്രയ്ക്കിടയില്‍ അത്യാസന്നനിലയിലായ ആളെ മേല്‍പ്പറമ്പ് സ്റ്റേഷനിലെത്തിച്ച് ബന്ധുക്കള്‍ സഹായം തേടിയ സംഭവമുണ്ടായിരുന്നു. സ്റ്റേഷനില്‍ ജി.ഡി. ചുമതലവഹിച്ചിരുന്ന രാജേന്ദ്രനും പാറാവ് ജോലിയിലുണ്ടായിരുന്ന സി.പി.ഒ. രഞ്ജിത്തുമാണ് അന്ന് രക്ഷകരായത്. പോലീസ് വാഹനത്തില്‍ ഉടന്‍ ഇവരെ കയറ്റി രഞ്ജിത്ത് ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചാണ് മാതൃകയായത്. ഈ സംഭവം ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുവഴി പോലീസ് തന്നെ പുറത്തുവിട്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മക്കളെയും കൂട്ടി ജീവനൊടുക്കാന്‍ പുറപ്പെട്ട സ്ത്രീയെ കടല്‍ക്കരയില്‍നിന്ന് കണ്ടെത്തി ജീവിതത്തിലേക്ക് കരകയറ്റുകയും നന്മമനസ്സുകളുടെ സഹായത്തോടെ കുടുംബത്തിന് താങ്ങാവുകയും ചെയ്തതിന് മേല്‍പ്പറമ്പ് പോലീസിന് പ്രശംസ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page