കുമ്പള : കുമ്പളയിൽ വീട് കുത്തി തുറന്ന് വൻ മോഷണം. മാവിനക്കട്ട വാഴ വളപ്പ് ബോംബെ വില്ലയിലെ സീതിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. അലമാര കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്. സമീപത്തെ റൂമിലുണ്ടായിരുന്ന അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശപ്പെടുത്താനുള്ള കവര്‍ച്ചാസംഘത്തിന്റെ ശ്രമം വിഫലമായി. സ്റ്റീല്‍ അലമാര കുത്തിത്തുറക്കാൻ കഴിയാത്തതിനാലാണ് ആഭരണങ്ങൾ സുരക്ഷിതമായത്.മുംബൈയിലും കൊച്ചിയിലും ബിസിനസ്സ് നടത്തുന്ന സീതിയും കുടുംബവും വീട് പൂട്ടി മുംബൈയില്‍ പോയപ്പോഴായിരുന്നു മോഷണം. കഴിഞ്ഞ മാസം 22നാണ് ഇവർ കുടുംബ സമേതം മുംബൈയിലേക്ക് പോയത്. കഴിഞ്ഞ ദിവസം സമീപത്തു താമസക്കാരനായ മുഹമ്മദ് ഫൈസിയാണ് വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. വിവരം അടുക്കത്ത്‌വയലില്‍ താമസിക്കുന്ന സീതിയുടെ മകളുടെ ഭര്‍ത്താവ് ഫവാസിനെ അറിയിച്ചു. ഫവാസും ഫൈസിയും ചേര്‍ന്ന് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ വി.കെ.അനീഷ്, ഇന്‍സ്‌പെക്‌ടര്‍ ഇ.അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മോഷണ വിവരം വ്യക്തമായത്. പിക്കാസ് ഉപയോഗിച്ചാണ് വീടിന്റെ വാതിലുകള്‍ കുത്തിപ്പൊളിച്ചത്. പിക്കാസ് വീടിന് മുന്‍വശത്ത് ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. വീടിന് പിറക് വശത്തെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്നതായിരുന്നു പിക്കാസ്. ഷെഡ്ഡ് തുറന്നാണ് പിക്കാസെടുത്തത്. വീട്ടിൽ പാര്‍ക്ക് ചെയ്‌തിരുന്ന രണ്ട് ബൈക്കുകളുടെയും കാറിന്‍റെയും താക്കോലുകള്‍ വീടിനകത്തുണ്ടായിരുന്നുവെങ്കിലും വാഹനങ്ങള്‍ മോഷ്‌ടിക്കാൻ മോഷ്ടിക്കാൻ ശ്രമം നടന്നില്ല. വിരലടയാള വിദഗ്‌ദ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പൊലീസ് നായ മണം പിടിച്ച് ദേശീയപാത നിര്‍മ്മാണ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിന് സമീപം വരെ എത്തി. പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ കുമ്പള സ്റ്റേഷന്‍ പരിധിയിൽ നിരവധി കവർച്ചയാണ് നടന്നിട്ടുള്ളത്. മോഷണം വ്യാപകമാകുന്നത് ജനങ്ങളിൽ ഭീതി ഉണർത്തുന്നുണ്ട്.