ജനഹൃദയം കീഴടക്കിയ നേതാവിന്‍റെ ഓർമ്മയിൽ വിങ്ങി  കേരളം

അതിവേഗം ബഹുദൂരം മുഖ മുദ്രയാക്കി കേരളത്തിലെ വികസന സങ്കൽപ്പം പൊളിച്ചെഴുതിയ ജനകീയ നേതാവ് വിട പറയുമ്പോൾ ദു: ഖ സാന്ദ്രമാണ് പൊതു മണ്ഡലം. ദേശീയ, സംസ്ഥാന നേതാക്കളും സാംസ്കാരിക , കലാ മേഖലയിലുള്ളവരുമെല്ലാം പ്രിയപ്പെട്ട നേതാവിന്‍റെ ഓർമ്മകൾ പങ്കുവെച്ചു. സമൂഹ മാധ്യമങ്ങളിലെല്ലാം  ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളോടു കൂടിയ കുറിപ്പുകൾ. വാട്സ് ആപ് സ്റ്റാറ്റസുകളിലും ഉമ്മൻചാണ്ടി നിറഞ്ഞ നിന്നു.

പ്രമുഖരുടെ അനുസ്മരണം

പ്രധാനമന്ത്രി നരേന്ദ്രമോദി

 പൊതു സേവനത്തിനായി ജീവിതം സമർപ്പിച്ച കേരളത്തിന്‍റെ വികസനത്തിനായി പ്രവർത്തിച്ച എളിമയും സമർപ്പണ മനോഭാവവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പിന്നീട് പ്രധാനമന്ത്രിയായി ഡൽഹി എത്തിയപ്പോഴും കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുമായുളള ഓ‌ർമ്മകൾ മോദി പങ്കുവെച്ചു.  കുടുംബത്തിന്‍റ ദു:ഖത്തിൽ പങ്കു ചേരുന്നതായും പ്രധാനമന്ത്രി അനുസ്മരണ സന്ദേശത്തിൽ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ

കേരളാ രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിച്ചിരിക്കുന്നത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. പൊതു പ്രവർത്തനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ ആത്മാർത്ഥത പുതുതലമുറക്ക് അടക്കം മാതൃകയാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന  പലതും കേരളാ രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ച്  നിലനിൽക്കും. കോൺഗ്രസ്സ് രാഷ്ട്രീയത്തിന്‍റെ അരനൂറ്റാണ് കാലത്തെ ചരിത്രത്തിന്‍റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ എന്നും  ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സ്പീക്കർ എ. എൻ. ഷംസീർ

ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ  ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സ്പീക്കർ  എ.എൻ ഷംസീർ പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം  സഞ്ചരിച്ച് ജനങ്ങളെ കേൾക്കാൻ തയ്യാറായ ജനകീയ നേതാവായിരുന്നു അദ്ദഹം. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിച്ച അദ്ദഹം പുതുതലമുറയിലെ രാഷ്ട്രീയ നേതാക്കൾക്ക് പാഠപുസ്തകമാണ്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 

ലോകത്തിന്‍റെ ഏത് കോണിലുമുള്ള  മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻചാണ്ടിയെന്ന പേരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടിപതാറാതെ അദ്ദേഹം ജ്വലിച്ച് നിന്നു. കീറൽ വീണ ഖദർ ഷർട്ടിന്‍റെ ആർഭാടരാഹിത്യമാണ്  ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിന്‍റെ ആരാധനാപാത്രമാക്കിയത്.കയറിപോകാനുള്ള ഏണിപ്പടികളായി ഉമ്മൻചാണ്ടി ഒരിക്കലും  ജനത്തെ കണ്ടെല്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

രമേശ് ചെന്നിത്തല

ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ നഷ്ടമായത് സ്വന്തം സഹോദരനെയാണെന്ന് രമേശ് ചെന്നിത്തല. ആഴത്തിലുള്ള ആത്മബന്ധമാണ് ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്നത്.ഏതൊരു രാഷ്ട്രീയ പ്രശ്നത്തിനും പ്രതിസന്ധിക്കും ഉമ്മൻചാണ്ടിക്ക് പരിഹാര നിർദേശമുണ്ടായിരുന്നു. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും എപ്പോഴും സ്ഹേനത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും യോജിപ്പിന്‍റേയും  ബന്ധം തങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കെ.സുരേന്ദ്രൻ

കേരളത്തിന്‍റെ വികസനത്തിന് അതുല്യ സംഭാവനകൾ നൽകിയ  ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ.സുരേന്ദ്രൻ അനുസ്മരിച്ചു.കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട നേതാവായിരുന്നു അദ്ദേഹം. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവതമെന്നും കെ.സുരേന്ദ്രൻ അനുസ്മരണ സന്ദേശത്തിൽ വ്യക്തമാക്കി.

കർദ്ദിനാൾ ക്ലീമിസ് ബാവ

 നഷ്ടമായത് കേരളത്തിന്‍റെ ജനകീയ മുഖമാണെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ.ജാതി മത രാഷ്ട്രീയത്തിനപ്പുറം  കേരളത്തെ ഒരിഴയി? ചേർത്ത് പിടിച്ച മത നിരപേക്ഷതയുടെ ഉത്തമ ഉദാഹരണമായിരുന്നു ഉമ്മൻചാണ്ടി.ജീവിതത്തിന്‍റെ എല്ലാ നിമിഷവും ഒരു പൊതു പ്രവർത്തകനെ സംബന്ധിച്ച് ജനങ്ങളുടേതാണെന്ന തിരിച്ചറിവ്  കേരളത്തിലെ പൊതു പ്രവർത്തകർക്ക് നൽകിയത് ഉമ്മൻചാണ്ടിയായിരുന്നു.

മോഹൻലാൽ

സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്ക് ഇറങ്ങിച്ചെന്ന മനുഷ്യസ്നേഹിയായിരുന്നു ഉമ്മൻചാണ്ടി.ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോട് ചേർത്ത് പിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചാണ് അദ്ദേഹം ലോകത്തോട് വിട പറയുന്നതെന്നും മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page