തൃക്കരിപ്പൂര്‍: ചുറ്റും വെള്ളക്കെട്ട് കാരണം വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാനാവാത്ത ദുരിതത്തിലാണ് പിലിക്കോട് പഞ്ചായത്തിലെ ചന്തേര പൂവത്തുവയല്‍ നിവാസികള്‍. മഴ തുടങ്ങിയതുമുതല്‍ വെള്ളക്കെട്ടിലാണ് പൂവത്തുവയലിലെ ഇരുപതോളം കുടുംബങ്ങള്‍. വെള്ളം ഒഴിഞ്ഞുപോകാന്‍ വഴിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം ഇവിടെ തോണിയിറക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ചന്തേരയിലെ പി.വി. ലക്ഷ്മനാണ് തോണിയെത്തിച്ച് കുട്ടികളെയും മാറ്റും റോഡരികിലെത്തിച്ചത്. അരയോളം വെള്ളത്തില്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും നടന്നുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തോണിയെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ പത്തുദിവസമായി തിമര്‍ത്തുപെയ്യുന്ന മഴയെ തുടര്‍ന്ന് വിദ്യാലയം, പൊതുവിതരണകേന്ദ്രം, ആശുപത്രി തുടങ്ങി അത്യാവശ്യ പോക്കുവരവിനുപോലും വെള്ളക്കെട്ട് തടസ്സമായി. കഴിഞ്ഞദിവസം രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ കസേരയിലിരുത്തി ചുമലില്‍ താങ്ങി റോഡിലെത്തിക്കേണ്ടിവന്നു. മഴ നിലച്ചാലും ഇവിടെ മാസങ്ങളോളം വെള്ളക്കെട്ടുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡുകളും വീടുകളും മണ്ണിട്ട് ഉയര്‍ത്തി പണിതതും മതിലുകള്‍ തീര്‍ത്തതുമാണ് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായത്. തൊട്ടടുത്ത തിരുനെല്ലി അങ്കണവാടിയിലും അരയോളം വെള്ളം കെട്ടിയിട്ടുണ്ട്. കൊതക് പെരുകാനും ജലജന്യരോഗങ്ങള്‍ പടരാനും വഴിവെക്കുമോയെന്ന ആശങ്കയിലാണ് ഇവിടെയുള്ള കുടുംബങ്ങള്‍. പത്തുവര്‍ഷത്തെ ദുരിതകാലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ചന്തേര പൂവത്തുവയലിലെ കുടുംബങ്ങളുടെ ദുരിതം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിവേണമെന്ന് ഗ്രാമസഭയുടെയും അധികൃതരുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പ്രദേശത്തെ വീട്ടുകാരുടെ പരാതി.