കണ്ണൂര്‍: പയ്യന്നൂരില്‍ എം.കെ രാഘവന്‍ എം.പിക്കെതിരെ വിമര്‍ശനവുമായി പോസ്റ്ററുകള്‍ പതിച്ചു. രാഘവന്‍ ഒറ്റുകാരനും മാപ്പര്‍ഹിക്കാത്ത ആളാണെന്നുമുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ കോടതി റോഡിലുള്ള കോണ്‍ഗ്രസ് ഓഫീസിന്റെ ചുമരിലും പയ്യന്നൂര്‍ നഗരത്തിലെ ചില ചുമരുകളിലുമാണ് പതിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രാഘവന്‍ അനുകൂലികള്‍ എത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.
കോടതി റോഡിലെ ഗാന്ധി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മറുപൂട്ടിട്ട നിലയിലും കാണപ്പെട്ടു. നേരത്തെ ഉണ്ടായിരുന്ന പൂട്ട് മാറ്റിയ ശേഷം പുതിയ പൂട്ടിട്ട് താക്കോലുമായി കടന്നു കളയുകയായിരുന്നു.
എം.കെ രാഘവന്‍ ചെയര്‍മാനായ മാടായി കോളേജ് ഭരണസമിതി കോഴ വാങ്ങി രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കു ജോലി നല്‍കിയെന്നാണ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആരോപണം. കോളേജിലെ നിയമന വിഷയത്തില്‍ കണ്ണൂര്‍ ഡിസിസിയും എം.കെ രാഘവന് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രശ്‌ന പരിഹാരത്തിനായി കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചതിനു പിന്നാലെയാണ് പയ്യന്നൂരില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
