മധ്യപ്രദേശിലെ രേവയില്‍ വീട്ടുമതില്‍ തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ സാഗര്‍ ജില്ലയില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ ഒരു ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 9 കുട്ടികള്‍ മരിച്ചു. ഷാപൂരിലെ ഹര്‍ദുല്‍ ബാബ ക്ഷേത്രത്തിലാണ് സംഭവം. നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടയിലാണ് അപകടം. സംഭവത്തില്‍ വേദനയുണ്ടെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിനു 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.







