കാസർകോട്: വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായവുമായി കാസർകോട്. ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും ശേഖരിച്ച അവശ്യസാധനങ്ങളുമായുള്ള വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. ആദ്യ വാഹനം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി സംഘടനകളും വ്യക്തികളും എത്തിച്ച സാധനങ്ങൾ ആണ് വയനാട്ടിലെ ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച അവശ്യ സാധനങ്ങളുടെ ശേഖരണ കേന്ദ്രത്തില്‍ സ്റ്റീല്‍ ഇന്റസ്ട്രിയല്‍സ് കേരള ലിമിറ്റഡ് (സില്‍ക്ക്) അവശ്യ സാധനങ്ങളുടെ ആദ്യ കിറ്റ് എത്തിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി. സില്‍ക് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇഖ്ബാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സില്‍ക്കിന്റെ പ്രതിനിധിയാണ് അവശ്യ സാധനങ്ങള്‍ നിറഞ്ഞ കിറ്റ് എത്തിച്ചത്. അരിയും ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുമായി കൂട്ടായും വ്യക്തികളായും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കയാണ്. നാളെയും അവശ്യസാധനങ്ങളുമായി വാഹനങ്ങൾ പുറപ്പെടും. വിദ്യാനഗർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലും സഹായ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. സഹായം നൽകാൻ താല്പര്യം ഉള്ളവർ കളക്ടറേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെടണം.
ഫോൺ: 94466 01700
കൺട്രോൾ റൂം കളക്ടറേറ്റ്
ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് – 9447613040.
ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ടൂത്ത് പേസ്റ്റ്, ബ്രഷ്, വാഷിംഗ് സോപ്പ്, അടിവസ്ത്രങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, എല്ലാവർക്കും അടിവസ്ത്രം, ബെഡ് ഷീറ്റ്, പാത്രങ്ങൾ, സാനിറ്ററി പാഡ്, പുതപ്പ്, തലയണ, ടോർച്ച്, ടവൽ, സ്ലിപ്പറുകൾ സ്വെറ്ററുകൾ, റെയിൻ കോട്ട് തുടങ്ങിയവയാണ് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നത്. അതേസമയം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ വ്യാജ ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്.