കാഞ്ഞങ്ങാട്: മകന്റെ ചികില്‍സ മൂലം കടക്കെണിയിലും പട്ടിണിയിലുമായ ബളാംതോട് പുഴക്കര കൊടികുത്തിയില്‍ യോഹന്നാന്റെ കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് ഭക്ഷണ സാധനങ്ങളുമായി രാജപുരം ജനമൈത്രി പോലീസ് മലകയറി .വാഹന കയറിചെല്ലാന്‍ സാധിക്കാത്തതുകൊണ്ട് ചുമലിലെറ്റിയാണ് വീട്ടില്‍ എത്തിച്ചു. ഇന്നലെ രാവിലെയാണ് ബളാന്തോടുള്ള പൊതുപ്രവര്‍ത്തകരായ രാധാകൃഷ്ണനും വിനീഷു യോഹന്നാന്റെ ദുരിതാവസ്ഥ പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ സി ഐ ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം ചെറുപനത്തടി `അമ്മ ` ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവത്തകനായ പ്രശാന്ത് താനത്തിങ്കലിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് ട്രസ്റ്റിന്റെ സഹായത്തോടെ അത്യാവശ്യ വീട്ടുസാധനങ്ങള്‍ ശേഖരിച്ചു. എസ്.ഐ. കൃഷ്ണന്റെ നേതൃത്വത്തില്‍ യോഹന്നാന്റെ വീട്ടില്‍ എത്തിച്ചു കൊടുത്തു. മകന് സജി തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ചു തുടര്‍ച്ചയായി രണ്ടു മേജര്‍ ഓപ്പറേഷനുകള്‍ക്ക് ശേഷം വിശ്രമത്തിലാണ്. സജിയുടെ ചികിത്സ മൂലം കടക്കെണിയിലായ കുടുംബം ഓരോ ദിവസവും തള്ളിനീക്കാന്‍ പെടാപ്പാടു പെടുകയാണ്.