കാസര്‍കോട്: മൊഗ്രാല്‍ ഗാന്ധി നഗറില്‍ നാലു ദിവസങ്ങളിലായി നടന്നുവന്ന ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം നേമോത്സവത്തിന് സമാപനമായി. ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് നടത്തിയതോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്. വിവിധ പരിപാടികളാണ് നേമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. വിശുദ്ധിയും, നന്മയും നിറഞ്ഞ ദൈവസ്ഥാനം മതസൗഹാര്‍ദത്തിന്റെ വിളനിലങ്ങളാണ്. ഇശല്‍ ഗ്രാമത്തിലെ ഉറൂസും, നേമോത്സവവും സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ പതിവ് തെറ്റിക്കാതെ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി- മദ്രസ കമ്മിറ്റി ഭാരവാഹികള്‍ നേമോത്സവത്തിന് സ്‌നേഹം പകര്‍ന്ന് ഇക്കുറിയും ക്ഷേത്ര പരിസരത്തെത്തിയിരുന്നു. ഇവരെ ദൈവസ്ഥാനം ഭരണസമിതി അംഗങ്ങളായ ജനാര്‍ദ്ദന, രമേശ്, ജിതാനന്ദ, ഗംഗാധരന്‍, ദിനേശന്‍, ലക്ഷ്മണന്‍, സമ്പത്ത്, പ്രമോദ് കുമാര്‍, ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
