തിരുവനന്തപുരം: പോത്തന്‍കോട് കൊയ്ത്തൂര്‍കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ തൗഫീഖ് നിരവധി കേസിലെ പ്രതിയും സ്ഥിരം മോഷ്ടാവുമാണ്. മംഗലപുരത്തെ 69കാരിയെയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മോഷ്ടിച്ച ബൈക്കില്‍ എത്തി കൊലചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടി. ഇയാളുടെ കയ്യില്‍ നിന്ന് സ്ത്രീ ധരിച്ചിരുന്ന കമ്മല്‍ കണ്ടെത്തി. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് പതിഞ്ഞിരുന്നു. സ്ത്രീയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. ബ്ലൗസ് കീറിയ നിലയിലായിരുന്നു മൃതദേഹം. കമ്മല്‍ നഷ്ടപ്പെട്ടിരുന്നു. കൂടാതെ അവര്‍ ഉടുത്തിരുന്ന ലുങ്കികൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും സ്ത്രീയുടെ ചെരുപ്പും കിടപ്പുണ്ട്. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് ഇവർക്കുണ്ടായിരുന്നു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
