കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടു പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇരുവര്‍ക്കും മജിസ്‌ട്രേറ്റ് കോടതി നേരത്തെ നല്‍കിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു പേരും ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ എടുക്കാതെയാണ് ഇരുവരും നാട്ടില്‍ നിന്നു കടന്നു കളഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ രാജേഷ് ഇപ്പോഴും റിമാന്റിലാണ്.
ഒക്ടോബര്‍ 28ന് രാത്രിയിലാണ് നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോള്‍ നടത്തിയ വെടിക്കെട്ടാണ് ദുരന്തത്തിനു ഇടയാക്കിയത്. ദുരന്തത്തില്‍ 150 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ കിണാവൂരിലെ രഞ്ജിത്ത്, ബിജു, രതീഷ്, സന്ദീപ്, ഓര്‍ക്കളത്തെ ഷിബിന്‍രാജ്, തേര്‍വയലിലെ പത്മനാഭന്‍ എന്നിവര്‍ ചികിത്സയിലിരിക്കെ വ്യത്യസ്ത ദിവസങ്ങളില്‍ മരണമടഞ്ഞു. 50ല്‍പ്പരം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു.