കാസര്‍കോട്: നാടിനെ കണ്ണീരിലാഴ്ത്തിയ സഫിയ കൊലക്കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന ശേഷിപ്പുകള്‍ സംസ്കാര ചടങ്ങുകള്‍ക്കായി രക്ഷിതാക്കള്‍ക്കു വിട്ടുനല്‍കി. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന സി. ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സാനു എസ് പണിക്കരുടെ ഉത്തരവ് പ്രകാരമാണ് തലയോട്ടിയടക്കമുള്ള ശേഷിപ്പുകള്‍ മാതാപിതാക്കള്‍ക്കു കൈമാറിയത്. കൊല്ലപ്പെട്ട മകളുടെ ശേഷിപ്പുകള്‍ മാതാചാരപ്രകാരം സംസ്കരിക്കാന്‍ അനുവദിക്കണമെന്നാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. വിങ്ങിപ്പൊട്ടി കൊണ്ടാണ് ശേഷിപ്പുകള്‍ മാതാപിതാക്കളായ ആയിഷുമ്മയും മൊയ്തുവും ചേര്‍ന്ന് തിങ്കളാഴ്ച ഏറ്റുവാങ്ങിയത്.
കുടക് അയ്യങ്കേരി സ്വദേശിനിയായ സഫിയ 2008ല്‍ ആണ് കൊല്ലപ്പെട്ടത്. ഗോവയിലെ കരാറുകാരനായ മുളിയാര്‍, മാസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടുജോലിക്കാണ് സഫിയയെ മാതാപിതാക്കള്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ഗോവയിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ സഫിയയ്ക്കു പൊള്ളലേറ്റു. സംഭവം പുറത്തറിയിക്കാതിരിക്കുന്നതിനായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി അണക്കെട്ട് നിര്‍മ്മാണ സ്ഥലത്ത് കുഴിച്ചുമൂടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
കേസില്‍ ഒന്നാം പ്രതിയായ ഹംസയെ വിചാരണ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ചു. കുറ്റപത്രത്തിനൊപ്പം സഫിയയുടെ ശേഷിപ്പും കോടതിക്ക് കൈമാറിയിരുന്നു. മകളുടെ സംസ്കാരം മതാചാരപ്രകാരം നടത്തുന്നതിനാണ് തിങ്കളാഴ്ച ഉച്ചയോടെ ശേഷിപ്പുകള്‍ കൈമാറിയത്.