കാസര്‍കോട്: മുളിയാറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി. കാനത്തൂര്‍, കാലിപ്പള്ളത്താണ് വ്യാഴാഴ്ച സന്ധ്യക്ക് 7.30 മണിയോടെ പുലിയിറങ്ങിയത്. കാലിപ്പള്ളത്തെ രാജന്‍ എന്നയാളുടെ വീട്ടുമുറ്റം വരെ എത്തിയ പുലിയെ കണ്ട് വീട്ടുകാര്‍ ഭയന്നു ബഹളം വച്ചപ്പോള്‍ പുലി കാട്ടിലേക്ക് ഓടിപ്പോയതായി പറയുന്നു. അയല്‍വാസിയായ റിട്ട. അധ്യാപകന്‍ ഗംഗാധരനും രാജനും ചേര്‍ന്ന് ടോര്‍ച്ച് തെളിച്ചു നോക്കി പുലി തിരികെ കാട്ടിലേക്ക് പോയെന്ന് ഉറപ്പാക്കിയതോടെയാണ് നാട്ടുകാര്‍ക്ക് ശ്വാസം വീണത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വീട്ടുമുറ്റം വരെ പുലിയെത്തിയത് ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളിലേക്കും അംഗന്‍വാടികളിലേക്കും പോകാന്‍ ഭയക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കാലിപ്പള്ളത്തും പുലിയ കണ്ടതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് വനപാലകര്‍. പുലിയുടെ ദൃശ്യം ലഭിച്ചാല്‍ കൂടുവയ്ക്കും.
വ്യാഴാഴ്ച പുലര്‍ച്ചെ പാണൂര്‍ തോട്ടത്തുമൂലയിലെ മണികണ്ഠന്റെ വീട്ടില്‍ പുലിയെത്തിയിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനു അടിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വളര്‍ത്തുനായയെയും കടിച്ചുകൊണ്ടാണ് പുലി പോയത്. നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ നായയുമായി പോകുന്ന പുലിയെ കൃത്യമായി കണ്ടിരുന്നു. സ്ഥലത്തും വനപാലകരെത്തിയിരുന്നു. നേരത്തെ ഇരിയണ്ണി മിന്നംകുളത്തിനു സമീപത്തെ വെള്ളാട്ട് പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല.