കണ്ണൂര്: കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ആണ് സംഭവം. പുതുച്ചേരി എക്സ്പ്രസിലാണ് പെൺകുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോൾ ചിപ്സ് വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇത് കണ്ടു ആളുകൾ ബഹളം വച്ചതോടെ ട്രെയിൻ പെട്ടെന്ന് നിർത്തി. യാത്രക്കാരും റെയിൽവെ പൊലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലാക്കി. സമാനമായ സംഭവം കാസർകോട് റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് നടന്നു. ഫ്ലാറ്റ്ഫോമിൽ നിന്ന ഒരാൾ പെൺകുട്ടിയെ വലിച്ചു മാറ്റി രക്ഷപ്പെടുത്തി. മാതാവിനൊപ്പം ഷോർണ്ണൂർ പോകാൻ എത്തിയതായിരുന്നു പെൺകുട്ടി. എംജിആർ ചെന്നൈ എക്സ്പ്രസ് ട്രയിൻ നീങ്ങി തുടങ്ങിയപ്പോഴാണ് ഇവർ ഓടിക്കയറാൻ ശ്രമിച്ചത്. മാതാവ് ട്രെയിനിൽ കയറിയെങ്കിലും പെൺകുട്ടിക്ക് കയറാൻ കഴിഞ്ഞില്ല. പിന്നീട് അടുത്ത ട്രെയിനിൽ യാത്ര തുടർന്നു.