ജീവിതത്തില്‍ ഇതുവരെ സംസ്‌കരിച്ചത് 4500ല്‍ അധികം മൃതദേഹങ്ങള്‍; ഒടുവില്‍ നേരിടേണ്ടി വന്നത് കൊടുംചതി, എന്തിനു എന്നോട് ഇങ്ങനെ ചെയ്തുവെന്ന് ബാബു

മംഗ്‌ളൂരു: കര്‍ണ്ണാടക രാജ്യോത്സവിന്റെ ഭാഗമായി പ്രഖ്യാപിച്ച പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ബംഗ്‌ളൂരുവിലേക്ക് പോയ ബാബു ഉള്ളാള്‍ മടങ്ങിയത് വെറും കയ്യോടെ. അനാഥവും അജ്ഞാതവുമായ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സേവനമായി കൊണ്ടു നടക്കുന്ന ആളാണ് ഉള്ളാള്‍ സ്വദേശിയായ ബാബു എന്ന 55കാരന്‍. ഇതിനകം എത്ര മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെന്നു ചോദിച്ചാല്‍ അതിനു കൃത്യമായ ഉത്തരമില്ല. എങ്കിലും 4500ല്‍ അധികം മൃതദേഹങ്ങള്‍ ഇത്രയും കാലത്തിനുള്ളില്‍ യാതൊരു തരത്തിലുമുള്ള പ്രതിഫലം വാങ്ങിക്കാതെ സംസ്‌കരിച്ചിട്ടുണ്ടെന്നു ബാബു പറയും. നിശബ്ദ സേവനം കണക്കിലെടുത്ത് ഇത്തവണത്തെ രാജ്യോത്സവ പരിപാടിയില്‍ ആദരിക്കുവാന്‍ സൗത്ത് കാനറ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെ തന്നെയാണ് തലസ്ഥാന നഗരിയായ ബംഗ്‌ളൂരുവില്‍ നിന്നു ഒരു ഫോണ്‍ കോള്‍ ബാബുവിനെ തേടിയെത്തിയത്. സംസ്ഥാന രാജ്യോത്സവ പുരസ്‌കാരത്തിനു അര്‍ഹത നേടിയിട്ടുണ്ടെന്നും നവംബര്‍ ഒന്നിന് തലസ്ഥാനത്ത് എത്തണമെന്നുമായിരുന്നു ഫോണ്‍ വിളിച്ച ആള്‍ അറിയിച്ചത്. ഈ വിവരം ബാബു ജില്ലാ ഭരണകൂടത്തെ അറിയിച്ചു. സംസ്ഥാന പുരസ്‌കാരം ലഭിച്ച സ്ഥിതിക്കു ജില്ലാതല പുരസ്‌കാരത്തിന്റെ പട്ടികയില്‍ നിന്നു ബാബുവിന്റെ പേര് നീക്കം ചെയ്തു.
പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ബാബു ബംഗ്‌ളൂരുവില്‍ എത്തി സ്വന്തം നിലയ്ക്ക് ലോഡ്ജില്‍ മുറിയെടുത്തു. മുഖ്യമന്ത്രിയില്‍ നിന്നു പുരസ്‌കാരം നേരിട്ടു വാങ്ങുന്നതിനു വേണ്ടി പോകാനുള്ള ഒരുക്കത്തിനിടയിലാണ് മറ്റൊരു ഫോണ്‍ കോള്‍ ബാബുവിനെ തേടിയെത്തിയത്. ‘ക്ഷമിക്കണം, രാജ്യോത്സവ പുരസ്‌കാരം താങ്കള്‍ക്കല്ലെന്നും ചിത്രദുര്‍ഗ്ഗയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ബാബു കിലാറിനാണെന്നു’മാണ് ഫോണ്‍ ചെയ്തയാള്‍ ബാബുവിനോട് പറഞ്ഞത്. ഒടുവില്‍ വെറും കയ്യോടെ മടങ്ങിയ ബാബു ചോദിക്കുന്നു; എന്തിനാണ് എന്നോട് ഈ കടുംകൈ ചെയ്തത്?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page