പി പി ചെറിയാന്‍
ഡഗ്ലസ് കൗണ്ടി(അറ്റ്‌ലാന്റ): ഡഗ്ലസ് കൗണ്ടിയിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അറ്റ്‌ലാന്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. വീട് കൊള്ളയടിക്കാന്‍ പുലര്‍ച്ചെ നടത്തിയ ശ്രമത്തിനിടയിലാണ് വെടിയേറ്റ് മരിച്ചതെന്ന് അന്വേഷകര്‍ പറയുന്നു. അറ്റ്ലാന്റ പൊലീസിലെ ഇന്‍വെസ്റ്റിഗേറ്റര്‍ ഓബ്രി ഹോര്‍ട്ടണ്‍ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
ആന്‍ഡ്രൂസ് കണ്‍ട്രി ക്ലബ് പരിസരത്ത് ഇ.കരോള്‍ റോഡിന് സമീപമുള്ള ഓര്‍ക്ക്നി വേയിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു മോഷണത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡെപ്യൂട്ടികള്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് ഡഗ്ലസ് കൗണ്ടി ഷെരീഫ് ടീം പൗണ്ട്‌സ് പറയുന്നു. മോഷണശ്രമത്തിനു ഒരാള്‍ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുടമ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അയാളെ വെടിവച്ചു. വെടിയേറ്റ് അയാള്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നു ഡഗ്ലസ് കൗണ്ടി ഷെരീഫ് ടീം പറഞ്ഞു. പൊലീസുകാരന്‍ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ വീട്ടുടമസ്ഥന്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടികള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘സ്വയം പ്രതിരോധം’ എന്നാണ് അന്വേഷകര്‍ വെടിവെപ്പിനെ പറയുന്നത്.
വെടിവയ്പ്പുണ്ടായപ്പോള്‍ ഓബ്രി ഹോര്‍ട്ടണ്‍ ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നു എപിഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.