ഉദ്ദാലകമുനി തന്റെ വിവരണം തുടരുന്നു.
മന്ത്രം ഒന്നും രണ്ടും
യഥാ സോമ്യ മധു മധുകൃതോനിസ്തിഷ്ടന്തി നാനാത്യയാനാം
വൃക്ഷാണാം രസാന്‍ സമവഹാരമേകതാം രസം ഗമയന്തി
തേയഥാ തത്ര ന വിവേകം ലഭന്തേ അമുഷ്യാഹം
വൃക്ഷസ്യ രസോƒസ്മ്യമുഷ്യാഹം വൃക്ഷസ്യ
രസോƒ സ്മീത്യേവമേവഖലു സോമ്യേമാ: സര്‍വ്വാ:
പ്രജാ: സതി സമ്പദ്യനവിദു: സതി സമ്പദ്യാ മഹഇതി.
സാരം: അല്ലയോ സൗമ്യ, എപ്രകാരമാണോ തേനീച്ചകള്‍ തേന്‍ ശേഖരിക്കുകയും പല തരത്തിലുള്ള വൃക്ഷങ്ങളുടെ രസത്തെ സമാഹരിച്ച് ഒരേ രസമാക്കിത്തീര്‍ക്കുകയും ചെയ്യുന്നത്, അപ്പോള്‍ ഞാന്‍ ഇന്ന വൃക്ഷത്തിന്റെ രസമാകുന്നു, ഞാന്‍ ഇന്ന വൃക്ഷത്തിന്റെ രസമാകുന്നു…എന്ന് അവ തിരിച്ചറിയാതിരിക്കുന്നത്, അപ്രകാരം തന്നെയാകുന്നു ഈ പ്രജകളെല്ലാം സത്തില്‍ ഏകീഭവിച്ചിട്ട് ഞാന്‍ സത്തില്‍ ഏകീഭവിച്ചിരിക്കുന്നു എന്ന് അറിയാതിരിക്കുന്നത്.
ആത്മതത്വം മനസ്സിലാക്കാത്ത ജീവജാലങ്ങള്‍ എല്ലാ ദിവസവും ഗാഢനിദ്രാവസ്ഥയില്‍ ആത്മസത്തയുമായി താദാത്മ്യപ്പെടുന്നു. എന്നാല്‍ അവരാരും തന്നെ ഈ സത്യത്തെ അറിയുന്നില്ല. സത്തുമായി ഐക്യപ്പെടുന്ന ജീവികള്‍ ആ അവസ്ഥയില്‍ താന്‍ ആരാണെന്നോ, തന്റെ കുലമേതാണെന്നോ, സ്ത്രീയാണോ, പുരുഷനാണോ എന്നൊന്നും അറിയുന്നില്ല. അത് വ്യക്തമാക്കാനുള്ള ഉദാഹരണമാണ് ഋഷി തേനീച്ചകള്‍ ശേഖരിക്കുന്ന തേനിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. പല തരത്തിലുള്ള ചെടികളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും പല സ്വാദുകളുള്ള രസം ആയിരക്കണക്കിന് തേനീച്ചകള്‍ ശേഖരിച്ച് ഒന്നിച്ചു ചേര്‍ത്ത് ഒറ്റതേനായി ശേഖരിച്ചു വെക്കുന്നു. അപ്പോള്‍ ആ തേന്‍ ഏതു വൃക്ഷത്തില്‍ നിന്ന് ഏതു രസത്തിലുള്ളതാണെന്ന വേര്‍തിരിവ് അറിയുന്നില്ല. എല്ലാം ഒന്നായിക്കഴിഞ്ഞു. ഈ അവസ്ഥ തന്നെയാണ് ആത്മജ്ഞാനം നേടാത്ത മനുഷ്യരടക്കമുള്ള ജീവികള്‍ക്കും സംഭവിക്കുന്നത്. സുഷുപ്തിയിലും, മരണത്തിലും, പ്രളയത്തിലും അവ ഒന്നുമറിയുന്നില്ല. എന്നാല്‍ അടുത്ത മന്ത്രത്തില്‍ പറയുന്നു. അവ ഈ ലോകത്തില്‍ പുലിയോ സിംഹമോ ചെന്നായയോ വരാഹമോ കീടമോ പാറ്റയോ ഈച്ചയോ കൊതുകോ ഏതെല്ലാമോ ആയിരുന്നുവോ, അതായിത്തന്നെ തിരിച്ചുവരുന്നു.
സുഷുപ്തിയില്‍ സത്തുമായി ഏകീഭവിച്ചവ ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ അതാതു ജീവികളായിത്തന്നെ തിരിച്ചു വരുന്നു. ഉറക്കം താല്‍ക്കാലികമായ ഒരു ലയം മാത്രമാണ്. ഉണരുമ്പോള്‍ അതാതിന്റെ വാസനകള്‍ക്കനുസരിച്ച് അതാതു ജീവികളായിത്തന്നെ തിരിച്ചുവരുന്നു. ഇതുപോലെ തന്നെയാണ് മരണത്തിലും. അവരവരുടെ ഉള്ളിലുള്ള വാസനകള്‍ക്കനുസരിച്ച് അനുയോജ്യമായ ശരീരങ്ങളുടെ ജീവനൊടുക്കുന്നു. സമഷ്ടിപ്രളയത്തിനു ശേഷവും ഇതുതന്നെയാണ് സംഭവിക്കുന്നതെന്നും ഋഷി സൂചിപ്പിക്കുന്നു. ഏതവസ്ഥയിലും എല്ലാ ജീവജാലങ്ങളുടെയും ഉള്ളിലുള്ള ആത്മസത്ത ഒന്നു തന്നെയാണെന്നാണ് ഉദ്ദാലകന്‍ മകനെ ബോധ്യപ്പെടുത്തുന്നത്.
(തുടരും)