പി പി ചെറിയാന്‍
സൗത്ത് കരോലിന: മഹാനാശം വിതച്ച ഹെലിന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടിനുള്ളില്‍ ആലിംഗബദ്ധരായി കാണപ്പെട്ട വൃദ്ധ ദമ്പതികളുടെ മൃതദേഹം ചെറുമകനെ മാനവികതയുടെ ആഴങ്ങളെക്കുറിച്ചു ചിന്തിപ്പിച്ചു. ചുഴലിക്കാറ്റില്‍ വീടിനടുത്തു നിന്ന വന്‍മരം കടപുഴകി വീണു മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കിടപ്പുമുറി തകരുകയായിരുന്നു. ശബ്ദം കേട്ട് ചെറുമകന്‍ ഓടിയെത്തിയപ്പോള്‍ ആ മുറി കെട്ടിടാവശിഷ്ടങ്ങളായി മാറിയിരുന്നു. കൊച്ചു മകന്‍ ജോണ്‍ സാവേജ് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തപ്പോള്‍ അതിനടിയില്‍ തന്റെ മുത്തശ്ശി മാര്‍സിയ(74)യും, മുത്തച്ഛന്‍ ജെറി (78)യും മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപെടാമായിരുന്നിട്ടും അതിനുള്ള ചെറിയൊരു ശ്രമം പോലും നടത്താതെ മരണത്തിലും ആലിംഗബദ്ധരായി അവര്‍ ഒപ്പം നിന്നതു ആത്മ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചു സാവേജില്‍ അവബോധം പകര്‍ന്നു. ഒരാള്‍, മറ്റൊരാളില്ലാതെ കഷ്ടപ്പെടുന്നതിനേക്കാള്‍ അവരെ ഒരുമിച്ച് കൊണ്ടുപോയത് ദൈവത്തിന്റെ ഹിതമായിരിക്കുമെന്നു ജോണ്‍ സാവേജും അദ്ദേഹത്തിന്റെ പിതാവും കുടുംബവും സമാശ്വസിച്ചു. ഹെലിന്‍ ചുഴലിക്കാറ്റ് പുറത്ത് ആഞ്ഞടിച്ചപ്പോള്‍, കൊച്ചു മകന്‍ ജോണ്‍ സാവേജ് തന്റെ മുത്തശ്ശിയുടെയും മുത്തച്ഛന്റേയും കിടപ്പുമുറിയിലേക്ക് പോയിരുന്നു. അവര്‍ക്കു കുഴപ്പമില്ലെന്ന് ഉറപ്പാക്കി തിരിച്ചു വന്നു. പിന്നീട് കാറ്റിനൊപ്പം ഒരു ശബ്ദം കേട്ട് ജോണ്‍ സാവേജ് വീണ്ടും മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കിടപ്പുമുറി വീക്ഷിച്ചു. ഇരുവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി വീണ്ടും മടങ്ങി. എന്നാല്‍ അധികം താമസിയാതെ, സാവേജും അവന്റെ പിതാവും മറ്റൊരു ഭീകര ശബ്ദം കേട്ടു സൗത്ത് കരോലിനയിലെ ബീച്ച് ഐലന്‍ഡിലെ ഏറ്റവും വലിയ മരങ്ങളിലൊന്ന് അവന്റെ മുത്തശ്ശിയുടെയും മുത്തച്ഛന്റേയും കിടപ്പുമുറിയുടെ മുകളില്‍ തകര്‍ന്നു വീണ ശബ്ദമായിരുന്നു അത്.
ശബ്ദം കേട്ട് വീണ്ടും ഓടിയെത്തിയപ്പോള്‍ തകര്‍ന്നു വീണ മേല്‍ക്കൂരയും മരവും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. അവശിഷ്ടങ്ങള്‍ക്കടിയിലാണ് മരണത്തെയും മുത്തശ്ശിയും മുത്തച്ഛനും ഒറ്റക്കെട്ടായി ആലിംഗ നം ചെയ്തതെന്ന് ജോണ്‍ സാവേജ് പറഞ്ഞു. ‘അവര്‍ മരിക്കുന്ന ദിവസം വരെ പരസ്പരം സ്‌നേഹിച്ചു,’ ജോണ്‍ സാവേജ് അനുസ്മരിച്ചു. കൗമാരപ്രായത്തില്‍ വിവാഹിതരായ ഇരുവരും 50 വര്‍ഷത്തിലേറെയായി സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയായിരുന്നു. സ്‌നേഹം ശാശ്വതവും അത് അനശ്വരവുമാണെന്നു സാവേജ് പറഞ്ഞു.