വീട്ടമ്മയും ഭര്‍തൃ സഹോദരീ പുത്രനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

0
28

കാഞ്ഞങ്ങാട്‌: വീട്ടമ്മയെയും ഭര്‍തൃ സഹോദരിയുടെ മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്‌, മൈക്കയം, അശോകച്ചാലിലെ വിശ്വാമിത്രന്റെ ഭാര്യ ലീല (49) ഭര്‍തൃ സഹോദരിയുടെ മകന്‍ രഘു(43) എന്നിവരാണ്‌ മരിച്ചത്‌. ലീലയെ സ്വന്തം വീട്ടിനകത്ത്‌ വിഷം കഴിച്ച്‌ മരിച്ച നിലയിലും രഘുവിനെ അയാളുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലുമാണ്‌ കാണപ്പെട്ടത്‌.
പത്തു ദിവസമായി രഘു ലീലയുടെ വീട്ടിലാണ്‌ താമസമെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇന്നു രാവിലെ രഘുവിനെ വീട്ടിനകത്ത്‌ തൂങ്ങിമരിച്ച നിലയില്‍ മാതാവ്‌ കുട്ടിച്ചിയാണ്‌ ആദ്യം കണ്ടത്‌. ഉടന്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസികള്‍ ലീലയുടെ വീട്ടിലെത്തിയപ്പോള്‍ ലൈറ്റ്‌ കത്തി നില്‍ക്കുന്നതു കണ്ടതായും അകത്ത്‌ ചെന്ന്‌ നോക്കിയപ്പോള്‍ ലീല മരിച്ചു കിടക്കുന്നതായും കാണപ്പെടുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. വായില്‍ നിന്ന്‌ നുരയും പതയും വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിഷം അകത്ത്‌ ചെന്നതാണ്‌ മരണത്തിന്‌ ഇടയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം. ലീല വിഷം സ്വയം കഴിച്ചതാണോ, അതോ മറ്റാരെങ്കിലും മന:പൂര്‍വ്വം നല്‍കിയതാണോ എന്ന്‌ വ്യക്തമല്ല. വിശദമായ അന്വേഷണത്തിന്‌ ശേഷമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂവെന്ന്‌ പൊലീസ്‌ പറഞ്ഞു.
കുമാരന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകളാണ്‌ ലീല. മക്കള്‍: മനു മാലോം പുഞ്ച, അനീഷ്‌ (ടാപ്പിംഗ്‌ തൊഴിലാളി, കര്‍ണ്ണാടക). മരുമകള്‍: രമ്യ. സഹോദരങ്ങള്‍: രമ, ദേവി, പരേതനായ രാമന്‍.
കുര്യന്‍-കുട്ടിച്ചി ദമ്പതികളുടെ മകനാണ്‌ രഘു. മാധവന്‍, സുന്ദരന്‍ സഹോദരങ്ങള്‍.

NO COMMENTS

LEAVE A REPLY