പെര്‍ളയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി

0
59

ബദിയഡുക്ക: കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. പ്രതിയെന്നു പറയുന്ന തളങ്കര സ്വദേശിയുടെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി. പെര്‍ള, ചെക്കുപോസ്റ്റിനു സമീപത്തെ ഫാത്തിമത്ത്‌ സുഹ്‌റയുടെ മകന്‍ അബ്ബാസി(25)നെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. ഇന്നലെ രാത്രി ഏഴരമണിയോടെ വീട്ടുമുറ്റത്തു നിന്നു കാറിലെത്തിയ സംഘമാണ്‌ തട്ടിക്കൊണ്ടുപോയത്‌. സംഭവത്തില്‍ മാതാവ്‌ നല്‍കിയ പരാതി പ്രകാരം നെല്ലിക്കട്ടയിലെ ആസിഫ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.തെരഞ്ഞെടുപ്പിനു ഏതാനും ദിവസം മുമ്പാണ്‌ അബ്ബാസ്‌ നാട്ടില്‍ എത്തിയത്‌. ഇന്നലെ ബജകൂഡ്‌ലുവില്‍ നടന്ന ക്രിക്കറ്റ്‌ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തി വീട്ടുമുറ്റത്തു നില്‍ക്കുന്നതിനിടയില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.സംഭവം ഉടന്‍ തന്നെ ബദിയഡുക്ക പൊലീസില്‍ അറിയിച്ചു. എന്നാല്‍ അഞ്ചു മിനുറ്റിനകം അബ്ബാസ്‌ ബദിയഡുക്ക പൊലീസിനെ ഫോണില്‍ ബന്ധപ്പെടുകയും കേസെടുക്കേണ്ടതില്ലെന്നും ഉടന്‍ ഹാജരാകാമെന്നും അറിയിച്ചു. എന്നാല്‍ പൊലീസിനെ വഴിതെറ്റിക്കാനാണ്‌ ഇതെന്നു സംശയിക്കുന്നു. പ്രസ്‌തുത ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ്‌ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നത്‌. സംഭ വം അറിഞ്ഞ ഉടന്‍ പൊലീസ്‌ വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍ ബ്ലോക്ക്‌ ചെയ്‌ത്‌ വാഹന പരിശോധന നടത്തിയെങ്കിലും അബ്ബാസിനെ തട്ടിക്കൊണ്ടുപോയ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികളില്‍ ഒരാളെന്നു സംശയിക്കുന്ന തളങ്കര സ്വദേശിയുടെ വീട്ടില്‍ റെയ്‌ഡ്‌ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അബ്ബാസിന്റെ ഗള്‍ഫിലുള്ള സഹോദരനുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നു സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു. അക്രമികളില്‍ ഒരാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും പൊലീസ്‌ സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY