ആശ്വാസം! കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി

 

തിരുവനന്തപുരം:  കഴക്കൂട്ടത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ മലയാളി അസോസിയേഷൻ പ്രവർത്തകർ കണ്ടെത്തിയത്. 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് ആശ്വാസകരമായ വാർത്ത എത്തിയത്. അസം സ്വദേശിനിയായ 13-കാരി തസ്മിദ് തംസുവിനെ താംബരം എക്സ്പ്രസിൽനിന്നാണ് ബുധനാഴ്ച രാത്രി ഒമ്പതരയോടെ കണ്ടെത്തിയത്. മലയാളി സമാജം അംഗങ്ങളാണ് ട്രെയിനിലെ ബർത്തിൽ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ തിരിച്ചറിഞ്ഞത്‌.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ഇപ്പോൾ പെൺകുട്ടിയെ ആർ പി എഫ് ഓഫീസിലേക്ക് എത്തിച്ചിട്ടുണ്ട്. അസമിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു പെൺകുട്ടിയെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ക്ഷീണിതയായ പെൺകുട്ടിക്ക് ഭാരവാഹികൾ വെള്ളവും ആഹാരവും വാങ്ങിക്കൊടുത്തു. ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് കഴക്കൂട്ടത്തെ വീട്ടിൽനിന്ന് മാതാപിതാക്കളായ അൻവർ ഹുസൈനോടും പർബിൻ ബീഗത്തോടും വഴക്കിട്ട ശേഷം സഹോദരങ്ങളെ വിട്ട് തസ്മിദ് വീട്ടിൽനിന്നിറങ്ങിയത്. സഹോദരങ്ങളോടു വഴക്കുപിടിച്ചതിന് രക്ഷിതാക്കൾ ശകാരിച്ചതായിരുന്നു കാരണം. ഒരു മാസം മുൻപാണ് ഇവർ തിരുവനന്തപുരത്തു താമസമാക്കിയത്. 50 രൂപ മാത്രമാണ് പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നത്. വസ്ത്രങ്ങളടങ്ങിയ ബാഗും എടുത്തിരുന്നു. കുട്ടിയെ കാണാതായതോടെ കേരളത്തിലും തമഴ്‌നാട്ടിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതിനിടെ
ബുധനാഴ്ച പുലർച്ചെ ബബിത എന്ന വിദ്യാർഥിനി ചാനൽവാർത്തകൾ കണ്ട് കന്യാകുമാരിക്കുള്ള ട്രെയിനിൽ യാത്രചെയ്യുന്ന തസ്മിദിന്റെ ചിത്രം പൊലീസിന് അയച്ചതാണ് വിഴിത്തിരിവായത്. കരയുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നിയാണ് ചിത്രം പകർത്തിയത്. ഇതോടെ പെൺകുട്ടി കന്യാകുമാരിക്കാണ് പോയതെന്ന നിഗമനത്തിൽ കേരള, തമിഴ്‌നാട് പൊലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനുകളിലും പുറത്തും വ്യാപക പരിശോധന നടത്തി വരികയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ കന്യാകുമാരി നാഗർകോവിൽ സ്റ്റേഷനുകളിൽ നിന്ന് കുട്ടി വെള്ളം എടുക്കുന്നതിന്റെ ദൃശ്യങ്ങളും വിവരങ്ങളും ലഭിച്ചിരുന്നു. കന്യാകുമാരിയിൽ ഉണ്ടെന്ന് ഉറപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് ഏഴുമണിക്ക് ചെന്നൈ എഗ്മൂർ സ്റ്റേഷനിൽ ഇറങ്ങിയതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. അവിടെനിന്ന് താമ്പരം സാന്ദ്രകാച്ചി ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. വാർത്ത സോഷ്യൽ മീഡിയകളിലും ചാനലുകളിലും വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് മലയാളികൾ ഒന്നടങ്കം കുട്ടിയെ അന്വേഷിക്കാൻ ആരംഭിച്ചത്. അങ്ങനെയാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ കുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്. കഴക്കൂട്ടം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശാഖപട്ടണത്തെക്ക് പുറപ്പെട്ടു. അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് വഴി ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിക്ക് കൗൺസിലിം​ഗ് നൽകുമെന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page