ഇന്ന് ചിങ്ങം ഒന്ന്. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ഒരു ചിങ്ങം കൂടി പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാല്‍ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങം. ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയില്‍ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തില്‍ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും. പൂവേ പൊലി പൂവേ.. പാട്ടുളുമായി കുട്ടികൾ കൂട്ടത്തോടെ പൂ പറിക്കാൻ പോകുന്നതും മുറ്റത്ത് പൂക്കളമിട്ട് കുടുംബം ഒത്തുചേർന്ന് ഓണസദ്യയുമെല്ലാം ഓരോ മലയാളിക്കും സമ്മാനിക്കുന്നത് സമാനതകളില്ലാത്ത ഓർമകളാണ്. എന്നാൽ വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഇക്കുറി ഓണാഘോഷങ്ങൾ ആഘോഷപൂർവം കൊണ്ടാടില്ല. സർക്കാർ പരിപാടികളും പേരിനു മാത്രം ആയിരിക്കും. ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം.
