ദീര്‍ഘകാലത്തെ ഓര്‍മ്മകള്‍ പുതുക്കാനുണ്ടായിരുന്നു ഞങ്ങള്‍ക്ക്. 1976ല്‍ മാഷ് മാതമംഗലം ഹൈസ്‌കൂളിലും ഞാന്‍ പാണപ്പുഴ സ്‌കൂളിലും അധ്യാപകരായിരുന്നു. ബസ്സില്‍ യാത്ര ഒപ്പമായിരുന്നു. അന്നേ കവിതകളും, നാടകങ്ങളും എഴുതിയത് പരസ്പരം കൈമാറാറുണ്ട്. അമ്പലത്തറ കേശവ് ജി വായനശാലയില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ്സില്‍ വേദി പങ്കിട്ടതും മറക്കാന്‍ കഴിയില്ല.
ഇന്നലെ ഫോണ്‍ വിളിച്ചു. ഒന്നു കാണാന്‍ മോഹമെന്നറിയിച്ചു. എനിക്കും ഒന്നു കാണണമെന്ന കൊതിയുണ്ടായി. എന്നും നവമാധ്യമങ്ങളിലൂടെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്പരം അറിയാറുണ്ട്. പക്ഷേ നേരിട്ട് കണ്ടത് പോലെ അതാവില്ലല്ലോ?
ആന്ധ്രപ്രദേശിലെ തിരുപ്പതി ഐസറില്‍ പഠിക്കുന്ന കൊച്ചുമോന്‍ ഷാമിലും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം ടി.പി. ഭാസ്‌കര പൊതുവാള്‍ മാഷിനോടും ഭാര്യ ജാനകിയോടും സംസാരിച്ചു. എം.ടി.വാസുദേവന്‍ നായര്‍ മുതല്‍ അറിയപ്പെടുന്ന എല്ലാ എഴുത്തുകാരും ഭാഷാപാഠശാലയില്‍ എത്തിയിട്ടുണ്ട്. പലരും അവിടെ താമസിച്ചിട്ടുണ്ട്. അവരുടെയൊക്കെ ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് ചുമരില്‍ ഭംഗിയായി തൂക്കിയിട്ടിട്ടുണ്ട്. സ്വീകരണ മുറിയുടെ മൂന്ന് ചുവരുകളിലും ഉറപ്പിച്ചു വെച്ച ഷോകെയ്‌സുകളില്‍ മാഷിന് ലഭിച്ച ആദര സമ്മാനങ്ങള്‍ മനോഹരമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
അസുഖങ്ങള്‍ പലതുമുണ്ട്. ഹാര്‍ട്ട് ഓപ്പണ്‍ സര്‍ജറി കഴിഞ്ഞതാണ്. പ്രൊസ്റ്റേറ്റിന്റെ ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും വര്‍ത്തമാനത്തിലും നടത്തത്തിലും കാണിക്കുന്ന ഊര്‍ജസ്വലത കണ്ടാല്‍ രോഗങ്ങളെ അതിജീവിക്കാനുള്ള ശക്തി മനസ്സിനു ലഭിച്ചിട്ടുണ്ട് എന്ന് തീര്‍ച്ചയായും കരുതാം. പ്രിയപ്പെട്ട മകളുടെ വേര്‍പാട് മനസ്സില്‍ വേദന ഉണ്ടാക്കുന്നുണ്ട്. രോഗത്തിലും പൊതുവാള്‍ മാഷെ സശ്രദ്ധം പരിരക്ഷിക്കാനും, കാണാനെത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ സ്വീകരിക്കാനും നല്ല പാതി ജാനകി കാണിക്കുന്ന ശ്രദ്ധയിലും പൊതുവാള്‍ മാഷ് സംതൃപ്തനാണ്.
ആദ്യകവിത എഴുതിയ അനുഭവം മാഷ് പങ്കിട്ടു. കോഴിക്കോട് ഭാഷാധ്യാപക പരിശീലന കേന്ദ്രത്തില്‍ പഠിക്കുമ്പോള്‍ ആദ്യ കവിതയുമായി കുഞ്ഞുണ്ണിമാഷെ കാണാന്‍ പോയി.
‘എന്താ വന്നത് ‘
കുഞ്ഞുണ്ണി മാഷിന്റെ ചോദ്യം.
-‘ ഒന്നു കാണാന്‍’
-‘കണ്ടില്ലേ?’
-‘ഞാന്‍ ആദ്യമായി എഴുതിയ കവിത മാഷിനെ കാണിക്കാനും’
-‘നോക്കട്ടെ’
മാഷിന്റെ കയ്യില്‍ ഭക്തിയോടെ കവിത കൊടുത്തു. അദ്ദേഹം വായിച്ചു. കവിത എഴുതിയ കടലാസ് എട്ടായി മടക്കി പൊതുവാള്‍ മാഷിന്റെ കീശയില്‍ ഇട്ടു തന്നു.
‘ക’ എന്ന് ഒരക്ഷരം അദ്ദേഹം മിണ്ടിയില്ല.
പൊതുവാള്‍ മാഷ് പരിശീലന കേന്ദ്രത്തിലെ ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. ട്രൈനിംഗ് സെന്ററിന്റെ വാര്‍ഷികത്തിന് കുഞ്ഞുണ്ണിമാഷെ ക്ഷണിച്ചു. അദ്ദേഹം വന്നു. സ്വാഗതഭാഷകന്‍ പൊതുവാള്‍ മാഷാണ്. സ്വാഗതഭാഷണത്തില്‍ മാഷ് പ്രസ്തുത കവിതക്കാര്യം പരാമര്‍ശിച്ചു. അക്കാര്യം ശ്രദ്ധിച്ച കുഞ്ഞുണ്ണി മാഷ് ചോദിച്ചു
‘ആ കവിത തന്റെ കയ്യിലുണ്ടോ?’
‘ ഉണ്ട്’
‘അതൊന്ന് ചൊല്ലൂ’
പൊതുവാള്‍ മാഷ് അക്ഷരസ്ഫുടതയോടെ ആ കവിത ചൊല്ലി.
കവിത കേട്ടു കഴിഞ്ഞ കുഞ്ഞുണ്ണിമാഷ് കവിയെ വിളിച്ചു കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് അനുഗ്രഹിച്ച കാര്യം പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു.
പൊതുവാള്‍ മാഷിന് കണക്കിനെ ഭയമാണ്. പ്രാഥമിക ക്ലാസ് മുതല്‍ക്ക് കണക്ക് പിരീഡില്‍ ഒരു പാട് ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മലയാള ഭാഷയില്‍ അതി മിടുക്കനാണെങ്കിലും കണക്ക് വിഷയത്തില്‍ വളരെ പിന്നോക്കക്കാരനാണ്. തല്ല് കിട്ടി മൂത്രമൊഴിച്ച സംഭവം കൂടി ഉണ്ടായിട്ടുണ്ട്. കണക്ക് മാഷ് വരാതിരിക്കാന്‍ അമ്പലത്തില്‍ പ്രാര്‍ത്ഥിച്ചിട്ട് വരേയുണ്ട്. എട്ടാം ക്ലാസിലെത്തുമ്പോള്‍ ഉണ്ടായ അനുഭവം കണക്ക് വിഷയത്തില്‍ അല്‍പം മാറ്റം ഉണ്ടാക്കി. അന്ന് പാലക്കാട് നിന്ന് വന്ന ഒരു അയ്യരുമാഷാണ് കണക്ക് പഠിപ്പിക്കാന്‍ ക്ലാസില്‍ വന്നത്. ആ മാഷ് ക്ലാസില്‍ വന്നപ്പോള്‍ ടി.പി. ക്ക് വിറയല്‍ വന്നു. അയ്യരു മാഷ് ടി.പി. യുടെ അടുത്തെത്തി.
-‘നീ ഗുണ കോഷ്ഠം പഠിച്ചിട്ടുണ്ടോ?’ എന്ന് ചോദിച്ചു.
‘ എട്ടിന്റെ ഗുണ കോഷ്ഠം ചൊല്ലൂ’
-‘എനിക്ക് രണ്ടിന്റെ ഗുണ കോഷ്ഠം വരെ അറിയില്ല സാര്‍’
അത് കേട്ട ഉടനെ അയ്യരു മാഷ് ടി.പി.യുടെ ചുമലില്‍ കൈ വെച്ച്
‘ മിടുക്കന്‍’ എന്ന് പറഞ്ഞു. വഴക്കു പറയാത്ത അയ്യരു മാഷോട് ടി.പി.ക്ക് ഇഷ്ടം തോന്നി. അന്ന് വീട്ടില്‍ ചെന്ന് 20 വരെ ഗുണകോഷ്ഠം മന:പാഠമാക്കി. അടുത്ത ദിവസം ടി.പി. അയ്യരു മാഷിന്റെ അടുത്ത് ചെന്നു.
‘ഞാന്‍ ഗുണ കോഷ്ഠം പഠിച്ചു മാഷെ’
‘എന്നാല്‍ ചൊല്ലൂ.’
കൃത്യമായി ചൊല്ലി കേള്‍പ്പിച്ചപ്പോള്‍ അയ്യരു മാഷ് ടി പി യുടെ ഇരു ചുമലിലും കൈവെച്ച് ‘മിടുമിടുക്കന്‍’ എന്ന് പറഞ്ഞു.
സ്‌നേഹിച്ചും ശിക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിച്ച മാഷാണ് അയ്യരു മാഷെന്ന് ടി.പി. ഇപ്പോഴും സ്മരിക്കുന്നു.
അനുഭവങ്ങളുടെ കലവറയാണ് ടി.പി. മാഷ്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മാഷ്. ആരോടും വെറുപ്പില്ലാതെ ഒപ്പം ജീവിച്ചു വരുന്ന ജാനകി. ഇവരുടെ സ്‌നേഹപരിലാളനയില്‍ സാഹിത്യമണ്ഡലങ്ങളിലെ ചെറുതും വലുതുമായ പ്രതിഭകള്‍ പാഠശാലയിലേക്ക് നിത്യേന ഓടി എത്തുന്നുണ്ട്. അവരോടൊപ്പമുള്ള നിമിഷങ്ങള്‍ മാഷിന്റെ മനസ്സിന് കുളിര്‍മ നല്‍കുന്നു. രോഗാവസ്ഥയെ മറക്കുന്നു. ഇനിയും ഈ മഹത് ജീവിതം ഒരു പാടു നാള്‍ സന്തോഷത്തോടെ കഴിയാന്‍ ഇടവരട്ടെ എന്ന ആഗ്രഹത്തോടെ ഞാന്‍ മാഷിനോട് യാത്ര പറഞ്ഞിറങ്ങി…