സുള്ള്യ: സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ദമ്പതികളുടെ കണ്ണില്‍ മുളക് പൊടി വിതറി 6.18 ലക്ഷം രൂപയും മൂന്നു മൊബൈല്‍ ഫോണുകളും കൊള്ളയടിച്ച കേസില്‍ കൊലക്കേസ് പ്രതിയടക്കം നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ദക്ഷിണ കര്‍ണ്ണാടകയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘാംഗങ്ങളായ റോഷന്‍, പുലിങ്കരി സതീശന്‍, ബാലഗണേശന്‍, കുസുമാകരന്‍ എന്നിവരെയാണ് സോമവാര്‍പ്പേട്ട പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ റോഷനും പുലിങ്കരി സതീശനും കോളിളക്കങ്ങള്‍ക്കിടയാക്കിയ കറുവപ്പാടി ജലീല്‍ കൊലക്കേസ് പ്രതികളാണെന്നു പൊലീസ് പറഞ്ഞു.
ജുലൈ 29ന് ആണ് ദമ്പതികളെ കൊള്ളയടിച്ച സംഭവം. സോമവാര്‍പ്പേട്ടയിലെ അനുഷമാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമ കെ.എം നേമരാജും ഭാര്യയുമാണ് കൊള്ളയ്ക്ക് ഇരയായത്. രാത്രിയില്‍ കടയടച്ച് ദമ്പതികള്‍ സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. റോഡരുകില്‍ പതിയിരുന്ന സംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തുകയും നേമരാജിന്റെയും ഭാര്യയുടേയും കണ്ണിലേയ്ക്ക് മുളക് പൊടി വിതറിയ ശേഷം പണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗും തട്ടിപ്പറിച്ച് രക്ഷപ്പെട്ടുവെന്നാണ് കേസ്. സംഭവത്തില്‍ സോമവാര്‍പ്പേട്ട പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികള്‍ കുടകില്‍ ഒളിവില്‍ കഴിയുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചത്. അറസ്റ്റിലായ പ്രതികളില്‍ നിന്നു മൂന്നു ലക്ഷം രൂപ, കാര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.