കന്‍വര്‍ യാത്രയ്ക്കിടെ വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി; 9 തീര്‍ഥാടകര്‍ ഷോക്കേറ്റ് മരിച്ചു

 

ബിഹാര്‍: കന്‍വര്‍ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയര്‍ത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി. ഷോക്കേറ്റ് ഒന്‍പത് തീര്‍ഥാടകര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഹാജിപൂരിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചേ ബിഹാര്‍ വൈശാലിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് അപകടം. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ രാത്രിയില്‍ സോനേപൂരിലെ ബാബ ഹരിഹര്‍ നാഥ് ക്ഷേത്രത്തിലേക്ക് ജലാഭിഷേകം നടത്താനായി പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും ഘടിപ്പിച്ചിരുന്ന വാഹനത്തിന്റെ മുകള്‍ ഭാഗം ഉയര്‍ന്ന തോതില്‍ വൈദ്യുതി കടന്നുപോകുന്ന ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഡിജെ ഘടിപ്പിച്ച ട്രോളി വളരെ ഉയരത്തിലായിരുന്നു. വാഹനത്തിന്റെ ഉയരം വളരെ കൂടുതലായിരുന്നുവെന്നും അതുകൊണ്ടാണ് ഹൈ-ടെന്‍ഷന്‍ ലൈനില്‍ തട്ടി അപകടമുണ്ടായതെന്നും ഹാജിപൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഓം പ്രകാശ് പറഞ്ഞു. സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഏതാനും ദിവസം മുമ്പ് ജാര്‍ഖണ്ഡിലും സമാനമായ അപകടമുണ്ടായിരുന്നു. അഞ്ച് പേരാണ് അവിടെ കന്‍വര്‍ യാത്രയ്ക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page