പഴയ കാലഘട്ടത്തിലെ പേരുകള്‍ കേള്‍ക്കുമ്പോഴും പറയുമ്പോഴും നമുക്ക് തമാശയായി തോന്നും. ഇങ്ങിനെയും പേരുകള്‍ ഉണ്ടായിരുന്നോ എന്നത്ഭുതപ്പെടും. പേരു വിളിക്ക് ജാതീയമായ വ്യത്യാസങ്ങളുണ്ടായിരുന്നു അന്ന്. ഞാന്‍ എന്റെ പ്രദേശത്തെ വീടിനു ചുറ്റുമുള്ള സ്ത്രീകളുടെ പേര് ഓര്‍ത്തെടുക്കുകയാണ്.
തീയ്യ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ പേരുകള്‍ ഇങ്ങിനെയൊക്കെ ആയിരുന്നു.
പാറ്റ, പാറു, ചെമ്മരത്തി, മാണിക്കം, കുഞ്ഞാതി, മാതൈ, ഉമ്പിച്ചി, ചിരി തുടങ്ങിയവ.
വാണിയ വിഭാഗക്കാരുടേത്
ചെറിയ, പാട്ടി, കുഞ്ഞാക്കം തുടങ്ങിയതും
ദളിത് വിഭാഗക്കാരുടേത്
ചപ്പില,കാക്ക,വെള്ളച്ചി,കാരിച്ചി തുടങ്ങിയവയും ആയിരുന്നു.
എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് വലിയൊരു വാണിയം വീടുണ്ടായിരുന്നു. അവിടെ ചക്കാലയുണ്ടായിരുന്നു. ഒരമ്മയും മകളും മാത്രമെ താമസമുണ്ടായിരുന്നുള്ളു. വലിയ കുടുംബമായിരുന്നിരിക്കണം അവിടെ താമസിച്ചിരുന്നത്. അവരൊക്കെ മാറിപ്പോയതാവാം. ചെറിയ എന്ന് പേരായ വയസ്സിത്തള്ളയും അവരുടെ മകള്‍ ‘മുതിയ ലം’ എന്ന പേരിലറിയപ്പെടുന്ന നാരായണിയും മാത്രമാണ് ആ വീട്ടില്‍ താമസം. നാരായണിയേട്ടിയെ എന്തുകൊണ്ടാണ് മുതിയലം എന്ന് വിളിക്കുന്നതെന്നറിയില്ല. പയ്യന്നൂരിനടുത്ത് മുതിയളം എന്നോ മുതിയലം എന്നോ അറിയപ്പെടുന്ന സ്ഥലമുണ്ട്. അവിടെ ജനിച്ചതുകൊണ്ടാണോ അച്ഛന് അവിടുത്ത്കാരനായതു കൊണ്ടാണോ ആ പേരു വന്നതെന്ന് അറിയില്ല. നാരായണി ആരോഗ്യവതിയായ സ്ത്രീയാണ്. ചുമടെടുക്കാന്‍ വളരെ താല്പര്യമാണ്. കൂക്കാനത്തെ പീടികകളിലേക്ക് കരിവെള്ളൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലേക്ക് നടന്നു പോയി അരിയും സാധനങ്ങളും തലച്ചുമടായി കൊണ്ടുവരും. അതേപോലെ നാട്ടിലെ കാര്‍ഷിക വിളകള്‍ ബസാറിലേക്കും ചന്തകളിലേക്കും തലച്ചുമടായി കൊണ്ടുവരാന്‍ നാരായണിയേട്ടി സദാസന്നദ്ധയായിരുന്നു. അവര്‍ അവിവാഹിതയായിരുന്നു. മക്കളില്ല. എങ്കിലും അതിലവര്‍ക്ക് പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല.
എന്നും ചിരിക്കുന്ന മുഖവുമായിട്ടേ അവരെ കണ്ടിട്ടുള്ളു അവരുടെ അമ്മയെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. ചെറിയ എന്നാണവരുടെ പേര്. അല്പം കൂനുള്ള കറുത്ത് നീണ്ട രൂപമാണ്. ഒറ്റമുണ്ട് മാത്രമെ ധരിക്കൂ, ബ്ലൗസിടില്ല. മുടി അല്പമേയുള്ളു. എന്നും എന്റെ വീട്ടില്‍ അവരെത്തും. ചിലപ്പോള്‍ രണ്ടും മൂന്നും തവണ വരും.
വന്നാല്‍ അടുക്കള ഭാഗത്തെ കളത്തില്‍ നിലത്തിരിക്കും. വീട്ടില്‍ നിന്ന് നല്കുന്ന ചക്കയും മാങ്ങയും ഒക്കെ തിന്നും.
നല്ല നാട്ടിപ്പാട്ടുകാരിയാണ്. കണ്ടത്തില്‍ കട്ട ഉടക്കാനും വിത്തിടാനും കളപറിക്കാനും, ഞാറ് നടാനും കൊയ്യാനും ഒക്കെ അവര്‍ വരും. നല്ല നാട്ടിപ്പാട്ടുകാരിയാണ്. തച്ചോളിച്ചന്തുവിനെക്കുറിച്ചുള്ള പാട്ട് വയലില്‍ വെച്ച് നീട്ടി പാടുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. അവരുടെ ഒപ്പം തുടര്‍ന്നു പാടാന്‍ അടുത്തുള്ള വയലില്‍ പണിയെടുക്കുന്ന കുമ്പേട്ടിയും, ചീയ്യേയിയേട്ടിയും മറ്റും മത്സരത്തിലായിരിക്കും. വര്‍ഷകാലത്തെ കളപറിക്കല്‍ ജോലി സമയത്താണ് ഉശിരന്‍ നാട്ടിപ്പാട്ടുകള്‍ കേള്‍ക്കുക. ചെളി വെള്ളത്തില്‍ ഞാറ് നടുമ്പോഴും ഈണത്തിലുള്ള നാട്ടിപ്പാട്ടുകള്‍ കേള്‍ക്കാം.
‘കളക്കുട’ എന്ന വീതിയുള്ളതും കാലിന് നീളം കുറഞ്ഞതുമായ ഓല കൊണ്ട് നിര്‍മ്മിച്ച കുട മുതുകില്‍ പ്രത്യേക സ്റ്റൈലില്‍ ഒതുക്കി വെച്ച് വയലില്‍ പണിചെയ്യുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
ചിലര്‍ ‘കൊരമ്പ’ യും ഉപയോഗിക്കാറുണ്ട്. (ചിത്രത്തില്‍ കാണാം)
വയലില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് ഉച്ചക്ക് കഞ്ഞി കൊടുക്കണം. മുസ്ലിം വീടുകളിലുണ്ടാക്കിയ കഞ്ഞി വാണിയത്തി അമ്മമാര്‍ അക്കാലത്ത് കഴിക്കില്ല. അതിന് അവരുടെ ഇടയില്‍ നിന്ന് ഒരു സ്ത്രീ കഞ്ഞി വെക്കാന്‍ നില്ക്കും. കഞ്ഞിക്ക് പ്രധാന കറി ചക്ക എരിശ്ശേരിയാണ്. എന്റെ വീട്ടില്‍ നിന്ന് പെണ്ണുങ്ങളുടെ എണ്ണത്തിന് കണക്കാക്കി അരി,ചക്ക,മുളക്, തേങ്ങ, എണ്ണ എന്നിവയൊക്കെ ചെറിയേട്ടിയുടെ വീട്ടില്‍ എത്തിക്കും. അവിടുന്നാണ് കഞ്ഞിയും കറിയും ഉണ്ടാക്കി വയലില്‍ എത്തിക്കുക. ഉച്ച സമയത്ത് വയലിന്റെ വരമ്പത്ത് കുഴിയുണ്ടാക്കി അതിന്മേല് വാട്ടിയ വാഴയില വെച്ച് കഞ്ഞിയും ചക്കക്കറിയും വിളമ്പും. പെണ്ണുങ്ങള് വയല്‍ വരമ്പത്ത് നീണ്ടിരുന്ന് വാരിക്കുടിക്കുന്നത് കാണാന്‍ ബഹുരസമാണ്. ഇതിനൊക്കെ ചെറിയമ്മ നേതൃത്വം കൊടുക്കും.
ചെറിയമ്മ വീട്ടില്‍ വന്നാല്‍ ഞാന്‍ നാട്ടിപ്പാട്ടും പഴയ പാട്ടുകളും പാടിക്കും. എന്റെ വീട്ടില്‍ നിന്ന് ‘തീ’ മേടിച്ചു കൊണ്ടുപോകുന്ന ചെറിയമ്മയുടെ ചിത്രം എന്നും മനസ്സില്‍ തറച്ചപോലെയുണ്ട്. ചികരിപ്പാണ്ടയില് തീക്കനല്‍ ഇട്ട് അതിന് മേലെ വേറൊരു ചികരികമഴ്ത്തി വെച്ച് തീ കെട്ടുപോകാതിരിക്കാന്‍ അതിലേക്ക് ഊതിക്കൊണ്ട് അവരുടെ വീട്ടിലെത്തിക്കും. തീപ്പെട്ടി പോലും വാങ്ങാന്‍ കാശില്ലാത്ത ദരിദ്ര കാലം.
ആ കാലത്ത് ഞാന്‍ എന്നും ചെറിയമ്മ ചാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കും. ചത്താല്‍ അവരെ ദഹിപ്പിക്കുന്ന ചുടുകാട് എന്റെ വീടിന്റെ പടിഞ്ഞാറെ കയ്യാലയുടെ അരികിലാണ്. ശവം കത്തുമ്പോഴുള്ള മണം സഹിക്കാന്‍ കഴിയില്ല. അവരുടെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അന്ന് ഞങ്ങള്‍ വാതിലും ജനലും അടച്ചുപൂട്ടിയാണ് കഴിച്ചു കൂട്ടാറ്. പിന്നെ ‘കൂളി’ വരുമെന്ന പേടികൊണ്ട് ഞാന്‍ രാത്രി വീടിന് പുറത്തിറങ്ങില്ല.
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ചെറിയേട്ടിയുടെ രൂപവും, പാട്ടും, കളത്തില്‍ ഇരിപ്പും മനസ്സില്‍ നിന്ന് മായാതെ നില്‍പ്പുണ്ട്.
