കാലാവസ്ഥ അനുകൂലമായാൽ ഇന്നും തെരച്ചിൽ തുടരുമെന്ന് കർണാടക; തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്, അടഞ്ഞ ദേശീയപാത ഇന്ന് ഗതാഗതം പുനസ്ഥാപിച്ചേക്കും 

 

കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഇന്നും തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം. എന്നാൽ തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരണം. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. തുടര്‍നടപടികളും ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന്‍ എംഎല്‍എ പറഞ്ഞു. പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ മറുപടി. അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കുള്ള തെരച്ചിൽ പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഇന്നലെ നിർത്തിവച്ചിരുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപ്പയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. പുഴയിലെ അടിത്തട്ട് ഇതുവരെയും കാണാൻ സാധിച്ചിട്ടില്ല. അതിനിടെ തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകും. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ്, നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകുന്നത്. കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിച്ച് വരുന്നത്. കൃഷി വകുപ്പ് വാങ്ങി നൽകിയ ഈ മെഷീൻ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കൈയിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുന്നതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page