കുമ്പള പഞ്ചായത്ത് ഫണ്ടിൽ നിന്നു ലക്ഷങ്ങൾ അടിച്ചു മാറ്റിയതായി പരാതി:നാലു ദിവസമായി അന്വേഷണം

കാസർകോട്: കുമ്പള പഞ്ചായത്തു ഫണ്ടിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി ആക്ഷേപമുയർന്നു. സംഭവത്തെക്കുറിച്ചു പഞ്ചായത്തു ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലു ദിവസമായി പഞ്ചായത്ത് ഓഫീസിൽ അന്വേഷണം തുടരുന്നു. ഇതുവരെ നടന്ന അന്വേഷണത്തിൽ 15 ലക്ഷത്തോളം രൂപ അടിച്ചു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നു സംസാരമുണ്ട്. അന്വേഷണം തുടരുകയാണ്.
ഏതാനും മാസം മുമ്പു വരെ പഞ്ചായത്ത് അക്കൗണ്ടൻ്റായിരുന്ന രമേശൻ, അയാളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്കാണ് പഞ്ചായത്ത് ഫണ്ട് മാറ്റിയതെന്നാണ് സംസാരം. ഇത് പഞ്ചായത്ത് ഭരണക്കാരുടെ ഒത്താശയോടെയായിരുന്നെന്നും ആക്ഷേപമുണ്ട്. തട്ടിപ്പിനു ശേഷം ഓഫീസിൽ എത്താതിരുന്ന രമേശനെ അടുത്തിടെ സസ്‌പെന്റ്‌ ചെയ്തിരുന്നു. പുതുതായി നിയമിതനായ അക്കൗണ്ടൻ്റാണ് പഞ്ചായത്ത് ഫണ്ടിൽ നിന്നു വൻതുക തട്ടിമാറ്റിയ വിവരം കണ്ടെത്തിയതെന്നു പറയുന്നു. തുടർന്നു കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നു വൻ തുക അടിച്ചു മാറ്റിയിട്ടുണ്ടെന്നു ജോയിൻ്റ് ഡയറക്ടർക്കു പരാതി ലഭിച്ചു. തുടർന്നാണ് അന്വേഷണമാരംഭിച്ചിട്ടുള്ളത്. അതേ സമയം പഞ്ചായത്ത് ഓഫീസിൽ അർദ്ധരാത്രി വരെ പുറത്തു നിന്നുള്ള ചിലർ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്. പഞ്ചായത്ത് സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുമ്പോൾ പഞ്ചായത്തധികൃതരുടെ ഒത്താശയോടെ പഞ്ചായത്ത് ഫണ്ടിൽ നിന്നു ഞെട്ടിക്കുന്ന തുക തട്ടിയെടുക്കുന്നെന്ന വ്യാപക ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ അടിയന്തര ഭരണ സമിതി ഉടൻ വിളിക്കണമെന്ന് പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിയോടാവശ്യപ്പെട്ടു. പ്രശ്നം പഞ്ചായത്ത് ഭരണ സമിതി ഉടൻ ചർച്ച ചെയ്തേ തീരൂ – പഞ്ചായത്ത് ബി.ജെ.പി. മെമ്പർമാരായ വിദ്യ എൻ.പൈ, പ്രേമാവതി, വിവേകാനനു ഷെട്ടി, പി.പുഷ്പലത, എസ്. പ്രേമലത, കെ. മോഹന എന്നിവർ ഇതു സംബന്ധിച്ചു നൽകിയ നോട്ടീസിൽ ആവശ്യമുന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page