കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പുഴകളിലും തോടുകളിലും ജലനിരപ്പു ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എവിടെ നിന്നും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ കരിന്തളത്ത് വീടിനു മുകളില്‍ മരം പൊട്ടി വീട് പൂര്‍ണ്ണമായും തകര്‍ന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്റെ വീടാണ് തകര്‍ന്നത്. ഭാര്യ കെ.വി. തമ്പായി (62) ക്ക് പരിക്കേറ്റു. പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു.തമ്പായി അസുഖ ബാധിതയാണ്. ഇ എം എസ് ഭവന പദ്ധതിയില്‍ ലഭിച്ച വീടായിരുന്നു തമ്പായിയുടേത്. വീട് തകര്‍ന്നതോടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലായി കുടുംബം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പള ആരിക്കാടിയില്‍ സദാശിവയുടെ വീട് കാറ്റില്‍ തകര്‍ന്നു. ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സംഭവ സമയത്ത് സദാശിവ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/shock-dd-BJHASD.jpg)