വീട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടി വളരുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ പണി കിട്ടും. കൂത്താടിയുടെ വളർച്ചയ്ക്ക് കാരണാകുന്നുവെന്ന് കണ്ടെത്തിയാൽ കോടതിക്ക് കേസെടുക്കാം. പിഴയും പിന്നാലെ വരും. ഇത്തരമൊരു കേസിൽ കേരളത്തിൽ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മൂരിയാട് പുല്ലൂർ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പി ജോബി ഫയൽ ചെയ്ത കേസിലാണ് നടപടി. 2000 രൂപയാണ് കോടതി പിഴ വിധിച്ചത്. ഈ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നുപിടിക്കുന്നതോടെ കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാത്തതോടെയാണ് ഹെൽത്ത് സൂപ്പർവൈസർ കേസെടുത്തത്. കേരളത്തിൽ പകർച്ചവ്യാധികൾ പടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എൻ 1, വെസ്റ്റ് നെയ്ൽ, അമീബിക് മസ്തിഷ്ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. വിവിധ തരം പനി ബാധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.