കാസർകോട് : മഴ ശക്തമായതോടെ പെർവാഡ് കടപ്പുറത്തെ തീരദേശ നിവാസികളുടെ നെഞ്ചിടിപ്പ് കൂടി. ഓരോ കാലവർഷവും അടുത്തെത്തുന്നതോടെ കടലിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ മേഖല. രൂക്ഷമായ കടലാക്രമണം തന്നെയാണ് പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുന്നത്. മുൻവർഷങ്ങളിലെ രൂക്ഷമായ കടലാക്രമണങ്ങളെ ചെറുക്കാൻ പ്രദേശത്ത് നിർമ്മിച്ച കടൽ ഭിത്തികൾക്കൊന്നും കഴിഞ്ഞിരുന്നില്ല. കടൽ ഭിത്തികളൊക്കെ കടൽ തന്നെ കൊണ്ടുപോയി. ശേഷിച്ചവയും ഇപ്പോൾ കടലെടുത്തു കൊണ്ടിരിക്കുന്നു. കഴിഞ്ഞവർഷം കടൽ 200 മീറ്ററുകളോളം കരകവർന്നപ്പോൾ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. നിരവധി കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. തെങ്ങുകൾ കടപുഴകി വീണു. പ്രദേശത്ത് വലിയ തോതിലുള്ള നാശനഷ്ടം നേരിട്ടു.ചെറിയൊരു ഭാഗത്ത് പരീക്ഷണാർത്ഥം “ജിയോ ബാഗ് ”ഉപയോഗിച്ച് കടൽഭിത്തി നിർമ്മിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ കടലാക്രമണം ഈ ഭിത്തിക്കും ഭീഷണിയായിട്ടുണ്ട്. ഇന്നിപ്പോൾ കാലവർഷം ശക്തി പ്രാപിച്ചതോടെ പ്രദേശത്ത് കടലേറ്റം രൂക്ഷമായിട്ടുണ്ട്. കടൽ തിരമാലകൾ കടൽ ഭിത്തിയും കടന്ന് തീരദേശ റോഡിലേക്ക് കടൽവെള്ളം കയറിയതോടെ പ്രദേശവാസികൾ വലിയ ഭയാശങ്കയിലാണ് കഴിഞ്ഞു കൂടുന്നത്.