കൊച്ചി: കൊച്ചയില്‍ ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ സഞ്ചരിച്ച കല്ലട ബസ്സാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‌നല്‍ വന്നതോടെ ബസ് നിര്‍ത്താനുള്ള ശ്രമത്തില്‍ സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. അപകടത്തില്‍ പെട്ട ബൈക്ക് യാത്രക്കാരനായ ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഴു പേരെ മരട് ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. 42 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.