കാസര്‍കോട്: ആരിക്കാടി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്്ത്തി. കൊടിയമ്മ, ചേപ്പിനടുക്കയിലെ സീരങ്കി മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്്മാന്‍ അസ്‌കര്‍ (22) ആണ് മരണപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അനസിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 9.15ന് സുഹൃത്ത് അനസുമായി അസ്‌കര്‍ ചേപ്പിനടുക്കയിലേക്ക് ബൈക്കില്‍ പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കടവത്ത് ഒന്നാം ഗേറ്റില്‍ എത്തിയപ്പോള്‍ എതിര്‍ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മീന്‍ വണ്ടി ബൈക്കിലിടിച്ചാണ് അപകടം. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അസ്‌കറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ അനസിനെ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ബഷീര്‍, മൂസ, സിദ്ദിഖ്, സൈനബ, മൈമൂന എന്നിവരാണ് അബ്ദുല്‍ റഹ്്മാന്‍ അസ്‌കറിന്റെ സഹോദരങ്ങള്‍. വലിയ സുഹൃദ്്ബന്ധത്തിന് ഉടമയായ അസ്‌കറിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നല്ലൊരു ജോലിയായിരുന്നു അസ്‌കറിന്റെ സ്വപ്നം. ജോലി ലഭിച്ച ശേഷം മാതാവിനെ നല്ല രീതിയില്‍ നോക്കണം-തന്റെ ഈ സ്വപ്‌നം സുഹൃത്തുക്കളോടെല്ലാം അസ്‌കര്‍ പങ്കുവെക്കുമായിരുന്നു.
അപകടത്തിന് ഇടയാക്കിയ മീന്‍വണ്ടിയും ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അമിത വേഗത തടയാന്‍ നടപടി വേണമെന്നും ആവശ്യമുണ്ട്.