തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു. പുനലൂര്‍ മണിയാറില്‍ ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ തോതില്‍ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. പരിക്കേറ്റ ഉടന്‍തന്നെ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മറ്റൊരു സംഭവത്തില്‍ ഇടി മിന്നലില്‍ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തോട്ടടയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലില്‍ കേടുപാടുണ്ടായത്. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്