തിരുവനന്തപുരം: ബാലരാമപുരം ആലുവിളപാലത്തിനടുത്തു വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊന്നു.
വീട്ടുമുറ്റത്തു നിന്ന ആലുവിള കരീംപ്ലാവിളയില്‍ ഗോപിയുടെ മകന് ബിജു (40) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വഴിമുക്ക് പിച്ചിക്കോട്ടെ കുമാറാ(40)ണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇയാളെ ഇന്ന് പൊലീസ് അറസ്റ്റുചെയ്തു.
ഇന്നലെ രാത്രി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ ബിജു കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കുമാര്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തുകൊണ്ടിരുന്നു. ഇതില്‍ സഹികെട്ട ബിജു വീട്ടിനു പുറത്തിറങ്ങിയപ്പോള്‍ കുമാര്‍ നെഞ്ചിലും കഴുത്തിലും തുരുതുരെ കുത്തുകയായിരുന്നുവെന്നു പറയുന്നു.
വീട്ടുകാര്‍ ബഹളംകേട്ടു പുറത്തിറങ്ങിയപ്പോള്‍ കുമാര്‍ ബൈക്കുപേക്ഷിച്ചു രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചു കിടന്ന ബിജുവിനെ ഉടന്‍ നെയ്യാറ്റില്‍കര ജന. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ഭാര്യ: മഞ്ചു. മക്കള്‍: അശ്വതി, അച്ചു. പ്രതി കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.