എ.സിയുടെ തണുപ്പില്‍ പട്ടുമെത്തയില്‍ കിടന്ന് മേല്‍പ്പോട്ട് നോക്കുമ്പോള്‍ ഇപ്പോഴും ഉള്ള് പൊള്ളിക്കുന്ന ഒരു മുഖം എന്റെ ഉള്ളിലുണ്ട്. ഇന്നോളം എവിടെയും ഞാനടയാളപ്പെടുത്തിയിട്ടില്ലാത്ത എന്റെ ഉപ്പയുടെ മുഖം. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടുവളര്‍ന്നത് ആ മനുഷ്യന്റെ കഷ്ടപ്പാട് തന്നെയായിരുന്നു. കിണര്‍ പണിയായിരുന്നു ഉപ്പയുടെ ജോലി.
പൊരി വെയിലത്ത് ആഴമുള്ള കിണറ്റിലേക്കിറങ്ങി നിന്ന് മണ്ണ് വെട്ടുമ്പോഴും, കനമുള്ള കല്ല് ചുമക്കുമ്പോഴും ഭാരം കൊണ്ട് ആ കാലുകള്‍ ഇടറുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നിട്ടിട്ടുണ്ട്. എങ്കിലും ഒരിക്കല്‍ പോലും എന്റെ ഉപ്പ ആരോടും പരാതി പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഉള്ളത് കൊണ്ട് പട്ടിണിയില്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ ആവുന്നതും ഉപ്പ ശ്രമിച്ചിരുന്നു.
അതിനിടയില്‍ ആര് സഹായം ചോദിച്ചാലും ഉള്ളതില്‍ നിന്ന് നുള്ളി പെറുക്കിയോ അല്ലെങ്കില്‍ മാറ്റാരോടെങ്കിലും കടം വാങ്ങിയോ ചോദിക്കുന്നവന്റെ ആവശ്യം നിറവേറ്റാന്‍ ഉപ്പാക്ക് വല്ലാത്ത കഴിവായിരുന്നു. അത് തിരിച്ചു കിട്ടുമെന്ന വിശ്വാസമോ പ്രതീക്ഷയോ ഇല്ലെങ്കിലും ചോദിക്കുന്നവന്റെ നീട്ടിയ കൈ നിരാശയോടെ മടക്കാന്‍ എന്റെ ഉപ്പ അനുവദിക്കാറില്ല. പലപ്പോഴും പലരും അത് മുതലാക്കുമെങ്കിലും ഉപ്പയുടെ ആ ശീലം നിര്‍ത്താന്‍ ഉപ്പ തയ്യാറല്ലായിരുന്നു.
ആയിടക്കാണ് ജോലിക്കിടയില്‍ കയറ് പൊട്ടി കിണറ്റിലേക്ക് വീണ് ഭാരമുള്ള കല്ല് ഉപ്പയുടെ കൈപ്പത്തി കവര്‍ന്നെടുത്തത്.
ചതഞ്ഞരഞ്ഞ മുറിവും, അടങ്ങാത്ത വേദനയുമായി ആ മനുഷ്യന്‍ ഒരുപാട് കഷ്ടപ്പെട്ടു. ജോലിക്ക് പോകാന്‍ കഴിയാതെ വന്നപ്പോഴേക്കും വീട്ടില്‍ പട്ടിണിയും പരിവട്ടവും സ്ഥിരമായി. അതോടെ ആ മനുഷ്യന്‍ മാനസികമായി ആകെ തകര്‍ന്നു.
മുറ്റത്തെ ചുമരിനോട് ചേര്‍ന്ന വിജനതയിലേക്ക് നോക്കുന്ന ഉപ്പയുടെ മുഖം ഇപ്പോഴും തെളിഞ്ഞ ചിത്രം പോലെ എന്റെ ഓര്‍മയിലേക്ക് കടന്ന് വരാറുണ്ട്. അഭിമാനിയായിരുന്നു എന്റെ ഉപ്പ. അത് കൊണ്ട് തന്നെ ആരുടെ മുന്നിലും കൈ നീട്ടി ശീലമില്ലായിരുന്നു. കൈമടക്കിയായിരുന്നു ശീലിച്ചിരുന്നത് മുഴുവന്‍.
അറിഞ്ഞു വന്ന് ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ തന്നെ പലപ്പോഴും നിരസിക്കാറായിരുന്നു പതിവ്. അന്നെനിക്ക് അഞ്ചോ ആറോ വയസ്സ്. നേരം വെളുത്ത് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.
ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. വാതിലില്‍ ആരോ തുടരെ തുടരെ അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്. വെപ്രാളത്തോടെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ ഉമ്മയോട് ആരൊക്കയോ എന്തൊക്കയോ പറയുന്നതും അടുത്ത നിമിഷം കടപ്പുഴകി വീഴുന്ന മരം പോലെ പിന്നിലേക്ക് മറിഞ്ഞു വീഴുന്നതുമാണ് ഞാന്‍ കണ്ടത്. ആദ്യമെനിക്കൊന്നും മനസ്സിലായില്ല.
പിന്നെ പിന്നെ ആളുകള്‍ കൂടിവരികയും കുമാരേട്ടന്റെ കടയിലെ നീല പ്ലാസ്റ്റിക് ഷീറ്റ് മുറ്റത്ത് വലിച്ച് കെട്ടുകയും കസേരകള്‍ നിരത്തിവെക്കപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോ എവിടെയോ എനിക്കെന്തോ ഒരപായ സൂചന വന്ന് തുടങ്ങിയിരുന്നു.
സമയം നീങ്ങുന്തോറും ആളുകള്‍ കൂടിക്കൂടി വന്നു. ഉമ്മയും സഹോദരിമാരും തലതല്ലി കരയുന്നുണ്ട്.
കടന്ന് വരുന്ന ബന്ധുക്കള്‍ മുഖത്ത് ദുഃഖഭാരം ചുമക്കുകയും കണ്ണുകള്‍ അമര്‍ത്തി തുടക്കുകയും ചെയ്യുന്നുണ്ട്.
വീടാകെ കുന്തിരിക്കത്തിന്റെ പുക നിറഞ്ഞു തുടങ്ങി. ഞാന്‍ സ്ഥിരമായി ചായ കുടിക്കുന്ന സ്റ്റീല്‍ ഗ്ലാസില്‍ അരി നിറച്ച് വെച്ച് കുത്തിവെച്ച ചന്തനത്തിരികള്‍ വല്ലാത്ത ഗന്ധത്തോടെ എരിയാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ എനിക്കാ സത്യം ബോധ്യമായി. എന്റെ ഉപ്പ മരിച്ചു പോയിരിക്കുന്നു.
ഇന്നലെ രാത്രി വരെ എന്റെ തൊട്ടടുത്ത് ഒരേ പായയില്‍ ഉറങ്ങാന്‍ കിടന്ന മനുഷ്യനാണ്. ജോലിക്ക് പോകാറുമില്ല.
പിന്നെങ്ങനെ…
ഇനി മനക്കലെ പ്രകാശന്‍ ടിവിയില്‍ കണ്ട സിനിമയിലെ കഥപോലെ ആരെങ്കിലും ഉപ്പാനെ കൊന്നതാകുമോ.?
അങ്ങനെയാണെങ്കില്‍ എന്തിന്?
എന്റെ ഉപ്പ ആരെയും ദ്രോഹിക്കാറില്ലല്ലോ.?
കൂടിനിന്നവരില്‍ നിന്ന് മുറുമുറുപ്പുകള്‍ പിന്നേയും ഉയര്‍ന്ന് താഴുന്നുണ്ട്.
ചിലര്‍ സഹതപിക്കുകയും മറ്റുചിലര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
മറ്റു ചിലരാകട്ടെ നല്ലൊരു മനുഷ്യനായിരുന്നെന്ന ബഹുമതിയും നല്‍കുന്നുണ്ട്.
എങ്കിലും എന്തിനാവും അന്ത്രുമാന്‍ സ്വയം കെട്ടിതൂങ്ങിയതെന്ന എനിക്ക് മനസിലാകാത്തത്.’
തൊട്ടടുത്ത് നിന്ന ദിവാകരേട്ടന്‍ ഒരു ദീര്‍ഘ നിശ്വാസത്തിന്റെ അകമ്പടിയോടെ, ആരോടോ പറയുന്നത് കേട്ടപ്പോ എന്റെ കുഞ്ഞ് ഹൃദയം പലകഷ്ണങ്ങായി മുറിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.
അതിന്റെ ഭീകരത അന്നെനിക്ക് അറിയില്ലായിരുന്നുവെങ്കിലും,പടച്ചവന്‍ തന്ന ആയുസ്സിനെ വെട്ടിച്ചുരുക്കാന്‍ നമുക്കധികാരമില്ലെന്ന് പള്ളിയിലെ മുല്ലാക്ക ഓത്തിനിടയില്‍ പറഞ്ഞ് പഠിപ്പിച്ചത് എനിക്കോര്‍മ്മയുണ്ടായിരുന്നു.
അങ്ങനെ ചെയ്യുന്നവരെ റബ്ബ് നരകത്തിലേക്ക് വലിച്ചെറിയുമെന്നും വലിയ ശിക്ഷകള്‍ നല്‍കുമെന്നും എനിക്കറിയാമായിരുന്നു. അതോര്‍ത്തപ്പോ എനിക്ക് കരച്ചില്‍ വന്നു. എന്റെ ഉപ്പ ശിക്ഷിക്കപ്പെടുന്നത് എനിക്ക് ഓര്‍ക്കാന്‍ കൂടെ വയ്യായിരുന്നു.
ആരും കാണാതെ കാല്‍ മുട്ടിലെ ഇടുക്കില്‍ തല ചേര്‍ത്ത് വെച്ച് കരയുമ്പോള്‍, എനിക്ക് ചുറ്റും നിന്ന പലരും പിന്നേയും എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു.
(തുടരും)
