അരങ്ങ്-സര്‍ഗോത്സവം; പ്രച്ഛന്ന വേഷ മത്സരത്തില്‍ ട്രാന്‍സ് വുമണ്‍ ഷഫ്‌ന ഷാഫിക്ക് ഒന്നാം സ്ഥാനം

പിലിക്കോട്: അവഗണനയുടെ ഇരുളില്‍ നിന്നും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അരങ്ങിലെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ഷഫ്‌ന ഷാഫിക്ക് പ്രച്ഛന്ന വേഷ മത്സരത്തില്‍ ഒന്നാം സ്ഥാനം. ഉക്രെയ്‌നിലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം കൈയ്യിലെടുത്തു വിലപിക്കുന്ന വൃദ്ധന്റെ വേഷമാണ് ഷഫ്‌നയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ആകെ പത്തു മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പൊതുവിഭാഗത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു ഷഫ്‌നയുടെ പ്രകടനം.
ട്രാന്‍സ് ജെന്‍ഡറായതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്നു പോലും അവഗണന നേരിടേണ്ടി വന്നപ്പോഴാണ് അഞ്ചു വര്‍ഷം മുമ്പ് ഷഫ്‌ന സ്വന്തം വീടുപേക്ഷിച്ചത്. പിന്നീട് കുടുംബശ്രീയുടെ തണലില്‍ തൃശൂര്‍ ജില്ലയിലെ മതിലകം സി.ഡി.എസിലെ ‘കിരണം’ പ്രത്യേക അയല്‍ക്കൂട്ടത്തിലെ അംഗമായതോടെയാണ് പൊതുഇടങ്ങളില്‍ കടന്നു ചെല്ലാനുള്ള ധൈര്യം ലഭിച്ചത്. ഇന്ന് കുടുംബശ്രീ സംഘടിപ്പിക്കുന്ന എല്ലാ കലോത്സവങ്ങളിലും പങ്കെടുക്കുന്നു. വേര്‍തിരിവുകളുടെയും പരിഹാസ നോട്ടങ്ങളുടെയും വഴികളില്‍ നിന്നു മാറി എല്ലാവരേയും പോലെ മുഖ്യധാരാ സമൂഹത്തിലേക്ക് കടന്നു വരാനും അംഗീകാരം നേടാനും കഴിയുന്നതില്‍ ഏറെ അഭിമാനിക്കുകയാണ് ഷഫ്‌ന. ഇപ്പോള്‍ കൊടുങ്ങല്ലൂരാണ് താമസം. കഴിഞ്ഞ 22 വര്‍ഷമായി നൃത്താദ്ധ്യാപികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page