ബംഗ്ളൂരു: ശത്രുസംഹാര ഭൈരവി യാഗം നടത്തിയെന്ന് ആരോപിച്ച് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനെ വിവാദത്തിലാക്കിയ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. ബംഗ്ളൂരു നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി.കെ സുരേഷ് 2.69ലക്ഷം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സിഎന്‍ മഞ്ജുനാഥിനോട് തോറ്റത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മരുമകനാണ് വിജയിച്ച മഞ്ജുനാഥ്. മൂന്നു തവണ എം.പിയായിരുന്നു സുരേഷ്.
കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ അഞ്ചുതരം മൃഗങ്ങളെ ബലി നല്‍കിയാണ് യാഗം നടത്തിയതെന്നായിരുന്നു ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തിയ സമയത്തായിരുന്നു ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജരാജേശ്വര ക്ഷേത്രമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും രാജരാജേശ്വരി ക്ഷേത്രം എന്നാണ് പറഞ്ഞതെന്നുമാണ് ശിവകുമാര്‍ പ്രതികരിച്ചത്.
