വിമാനാപകടങ്ങളില്‍ മരിച്ച രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ നേതാക്കളും

ന്യൂഡല്‍ഹി: വിമാനപകടങ്ങളില്‍ നിരവധി രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇടക്കിടെയാണെങ്കിലും ഇപ്പോഴും അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. യന്ത്ര തകരാര്‍ അപകടത്തിന് ഒരു കാരണമാണ്. പൈലറ്റുമാരുടെ ശ്രദ്ധക്കുറവും നിര്‍ണായക സമയത്ത് സ്തംബ്ധരായിപ്പോകുന്ന മനസ്ഥിതിയും മറ്റൊരു കാരണമാണ്. കാലാവസ്ഥാ വ്യതിയാനവും മൂടല്‍മഞ്ഞും, കൊടുങ്കാറ്റും അതിശക്തമായ മഴയും അപകട സാധ്യതയുണ്ടാക്കുന്നു. ഞായറാഴ്ച സന്ധ്യയ്ക്ക് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയിസും വിദേശ കാര്യമന്ത്രിയുമുള്‍പ്പെടെ 9 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതായി ഇറാന്‍ പ്രസ്താവിച്ചു. 1936 ലാണ് വിമാന അപകടത്തില്‍ ഒരു രാഷ്ട്രത്തലവന്‍ ആദ്യമായി മരിച്ചത്. രണ്ടുതവണ സ്വീഡന്‍ പ്രധാനമന്ത്രിയായിരുന്ന അഡ്മിറല്‍ സലോമോന്‍ അച്ചാറ്റസ് ലിന്റെമാന്‍ സഞ്ചരിച്ച വിമാനം 1936 ഡിസംബര്‍ 9ന് ബ്രിട്ടണിലെ ക്രോയ്‌സണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ഒരു കെട്ടിടത്തിലിടിച്ച് തകര്‍ന്നായിരുന്നു മരണം.
1957 മാര്‍ച്ച് 17നു ഫിലിപ്പൈയിന്‍സ് പ്രസിഡന്റ് റമോണ്‍ മഗ്‌സെസെയുള്‍പ്പെടെ 25 പേര്‍ സഞ്ചരിച്ചിരുന്ന വിമാനം സെബുവിലെ മനുംഗാല്‍ കൊടുമുടിയിലിടിച്ച് തകര്‍ന്നു. ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചു. 1958 ജൂണ്‍ 16നു ബ്രസീല്‍ പ്രസിഡന്റ് നെര്യൂ റാമോസ് മരിച്ചതും വിമാന അപകടത്തിലായിരുന്നു. കുറിറ്റിബ അല്‍ഫോണ്‍സ പെന അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായിരുന്നു അപകടം.
1966 ഏപ്രില്‍ 13ന് ഇറാഖ് പ്രസിഡണ്ട് അബ്ദുല്‍സലാം ആരിഫ് ബസ്‌റയില്‍ വച്ച് എയര്‍ഫോഴ്‌സ് വിമാന അപകടത്തിലാണ് മരിച്ചത്. 1967 ജൂലൈ 18ന് ബ്രസീലിന്റെ 26-ാമത്തെ പ്രസിഡണ്ട് ആയ ഹുബര്‍ട്ടോ ഡി അലന്‍കാര്‍ ബ്രസീലിയന്‍ എയര്‍ഫോഴ്‌സ് വിമാനം അദ്ദേഹം സഞ്ചരിച്ച വിമാനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ ഉടനെയായിരുന്നു അപകടം. ഈ അപകടത്തില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. 1980ല്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാവായിരുന്ന സഞ്ജയ് ഗാന്ധി ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന അപകടത്തില്‍ മരിച്ചു. 1980 ജൂണ്‍ 23നായിരുന്നു അപകടം. 1987 ജൂണ്‍ ഒന്നിന് ലബനന്‍ പ്രധാനമന്ത്രി റഷീദ് കരാമി അദ്ദേഹം സഞ്ചരിച്ച വിമാനത്തിനുള്ളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചു. 1988 ആഗസ്റ്റ് 17ന് പാക്കിസ്ഥാനിലെ ആറാമത് പ്രസിഡണ്ട് ആയിരുന്ന ജനറല്‍ മുഹമ്മദ് സിയ ഉള്‍ ഹാക്ക് സഞ്ചരിച്ചിരുന്ന വിമാനം പറന്നുയര്‍ന്ന ഉടനെ തകര്‍ന്നു വീണു. ഇന്നും അപകടത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. 2001 സെപ്റ്റംബര്‍ 30ന് ഇന്ത്യയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യ സഞ്ചരിച്ചിരുന്ന വിമാനത്തിന് യാത്രക്കിടയില്‍ തീപിടിച്ചു. 2024 ഫെബ്രുവരിയില്‍ ചിലിയിലെ മുന്‍ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനേറയും ദക്ഷിണ ചിലിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. രണ്ടുതവണ അദ്ദേഹം ചിലിയുടെ പ്രസിഡന്റ് ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page