എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍; 1300 പുതിയ വാര്‍ഡുകള്‍ക്ക് സാധ്യത

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനം. ഇതിനുള്ള നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതമാണ് വര്‍ധിപ്പിക്കുക. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. എന്നാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകള്‍ നിലവിലുണ്ട്. ഓര്‍ഡിനന്‍സ് പ്രകാരം 1300 വാര്‍ഡുകള്‍ പുതിയതായി ഉണ്ടാകാനാണ് സാധ്യത. നഗരസഭകളിലെ വാര്‍ഡുകളുടെ ആകെ എണ്ണം 3078 ല്‍ നിന്ന് 3205 ആയേക്കും. നഗരസഭകളിലെ വാര്‍ഡുകളുടെ എണ്ണം കുറഞ്ഞത് 25 ല്‍ നിന്ന് 26 ആകും. കോര്‍പ്പറേഷനുകളിലേത് കുറഞ്ഞത് 55 ല്‍ നിന്ന് 56 ആയും പരമാവധി 100 ല്‍ നിന്ന് 101 ആയും വര്‍ധിക്കും. ജില്ലാ പഞ്ചായത്തുകളില്‍ 3311 ഡിവിഷനുകളുള്ളതില്‍ 15 എണ്ണം കൂടി വര്‍ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page