വിഷം തന്നെ; അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കും

ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം. ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. തിരുവതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. ശാസ്ത്രീയ പരിശോധനാ ഫലം വരുന്നതു വരെ വിലക്കു വേണ്ടന്നായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക തീരുമാനം വന്നില്ലെങ്കിലും ക്ഷേത്ര ഉപദേശക സമിതികള്‍ അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ നിന്നും ഉപേക്ഷിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. നിവേദ്യങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം കര്‍ശനമായി തന്നെ വിലക്കും.
ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തോടെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. പൂവോ ഇലയോ മറ്റോ ഇവര്‍ അബദ്ധത്തില്‍ കഴിച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം. എന്നാല്‍ ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും സൂര്യയുടെ മരണത്തോടെ അരളിപ്പൂവ് വിഷമാണ് എന്ന നിലയിലുള്ള പ്രചാരണം ശക്തമായി. ഇതോടെ ആളുകളില്‍ ആശങ്കയും പടര്‍ന്നു. കൂടാതെ പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page