ഹൈറിച്ച് തട്ടിപ്പ് കേസ്; ഇനി സിബിഐ അന്വേഷിക്കും; ഡിജിപിയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ് അന്വേഷണം ഇനി സിബിഐ അന്വേഷിക്കും. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കാള്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത് അഭികാമ്യമെന്നാണ് ഡിജിപിയുടെ വിലിയിരുത്തല്‍.
ഇഡിയും കേസന്വേഷണം നടത്തുകയാണ്. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ച തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകള്‍ നേരിട്ട് പേഴ്‌സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദേശം.
ബഡ്‌സ് നിയമപ്രകാരം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് സിബിഐക്ക് അന്വേഷണം വിട്ടിരിക്കുന്നത്.
750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണക്ക്. നിലവില്‍ ഇരുപതോളം കേസുകള്‍ ഹൈറിച്ച് ഉടമകള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സാധരണക്കാരായ തൊഴിലാളി മുതല്‍ സര്‍ക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഇടപാടില്‍ വീണിരുന്നു. ഓഹരി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരില്‍ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തല്‍. ഏതാണ്ട് 12 ലക്ഷംത്തിലേറെ വരിക്കാര്‍ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു.
ഹൈറിച്ച് എംഡി കെ ഡി പ്രതാപന്‍, ഭാര്യ സീന പ്രതാപന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ ആളുകളില്‍ നിന്ന് സ്വകീരിച്ചത് 3141 കോടിയുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരുണ്ട്. അന്തര്‍ ദേശീയ ഇടപാട് നടന്നിട്ടുണ്ടോയെന്ന പൊലീസ് അന്വേഷണത്തിനിടയിലാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസിന്റെ മറവില്‍ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഹൈറിച്ച് ഉടമകള്‍ ഒടിടി ഫ്‌ലാറ്റ് ഫോമിന്റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍. ഹൈറിച്ച് ഒടിടി എന്ന പേരില്‍ ഉടമകള്‍ പുറത്തിറക്കിയ ഈ ഫ്‌ലാറ്റ് ഫോം വാങ്ങിയത് വിജേഷ് പിള്ളയില്‍ നിന്നാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതാപനും ഭാര്യ ശ്രീനയും നല്‍കിയ മൊഴി. എത്രകോടിരൂപയാണ് വിജേഷ് പിള്ളയക്ക് നല്‍കിയതെന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page