ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ് തുകയില്‍ 158 കോടി രൂപ നല്‍കിയില്ലെന്ന് കാണിച്ച് ബി.സി.സി.ഐ സമര്‍പ്പിച്ച പരാതിയില്‍ ബൈജൂസിന് നോട്ടീസയച്ച് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എൻ.സി.എല്‍.ടി).രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് കാണിച്ച് നവംബര്‍ 28നാണ് ബൈജൂസിന് നോട്ടീസ് നല്‍കിയത്. മറുപടി ലഭിച്ച ശേഷം ബി.സി.സി.ഐയുടെ നിലപാടറിയിക്കാൻ ഒരാഴ്ച സമയം നല്‍കും. ഇതിന് ശേഷം ഡിസംബര്‍ 22ന് എൻ.സി.എല്‍.ടിയുടെ ബംഗളൂരു ആസ്ഥാനമായുള്ള രണ്ടംഗ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
നല്‍കാൻ ബാക്കിയുള്ള തുകയെ സംബന്ധിച്ച് കഴിഞ്ഞ ജനുവരിയില്‍ ബൈജൂസിനോട് മറുപടി ആവശ്യപ്പെട്ടിരുന്നെന്ന് ബി.സി.സി.ഐ പരാതിയില്‍ പറഞ്ഞു. ബൈജൂസിന്‍റെ മാതൃ കമ്പനി തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ എതിര്‍കക്ഷിയാക്കിയാണ് ബി.സി.സി.ഐയുടെ പരാതി.
2019ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സറായി ബൈജൂസ് എത്തിയത്.എന്നാല്‍, കരാര്‍ പുതുക്കുന്നില്ലെന്ന് ഈ വര്‍ഷമാദ്യം ബൈജൂസ് ബി.സി.സി.ഐയെ അറിയിച്ചിരുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് പിന്മാറ്റം.
4000 ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് ഈയിടെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ വിദേശ ധനസഹായ നിയമങ്ങള്‍ ലംഘിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബൈജൂസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍ വീടുകള്‍ പണയം വെച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു.