പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ യുദ്ധസാധ്യത വീണ്ടും വർദ്ധിച്ചിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിൽ ഉപരോധം: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ളതുമായ എല്ലാ കപ്പൽ ഗതാഗതവും തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇന്ന് (ഏപ്രിൽ 13) ഉച്ചയ്ക്ക് 2 മണിയോടെ യുഎസ് സെൻട്രൽ കമാൻഡ് ഈ ഉപരോധം നടപ്പിലാക്കി തുടങ്ങും.
പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ പ്രതിനിധികളും തമ്മിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ ഫലം കാണാതെ അവസാനിച്ചു. യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ കർശനമായ ആവശ്യo ഇറാൻ അംഗീകരിക്കാത്തതാണ് ചർച്ചകൾ തകരാൻ കാരണം.
എണ്ണവില കുതിച്ചുയരുന്നു: ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ വർദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയിരിക്കുകയാണ്.
ഇറാന്റെ നിലപാട്: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും, ഇതുവഴി കടന്നുപോകുന്ന കപ്പലുകൾ ഇറാനിയൻ കറൻസിയായ ‘റിയാലിൽ’ ടോൾ നൽകണമെന്നും ഇറാൻ പ്രഖ്യാപിച്ചു.
ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2026 ഫെബ്രുവരിയിൽ ഇറാനിലെ സൈനിക-ഭരണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. ഇതിനെത്തുടർന്ന് ഏപ്രിൽ 8-ന് ഒരു താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നെങ്കിലും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ മേഖലയെ വീണ്ടും ഒരു പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക ശക്തമാണ്.
ഇറാനും അമേരിക്കയും തമ്മിൽ നടന്നു കൊണ്ടിരുന്ന സമാധാന ചർച്ചകൾ നിർണ്ണായകഘട്ടത്തോടടുത്തു കൊണ്ടിരിക്കെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫോണിൽ വിളിച്ചതാണ് ചർച്ചകൾ തകരാൻ കാരണമെന്ന് ഇറാൻ വെളിപ്പെടുത്തി. പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ കരാറിലെത്താതെയാണ് അവസാനിച്ചതു്.
ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്ന് പാക് ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടക്കാതെ തിരിച്ചുപോയതായി റിപ്പോർട്ടുകൾ.
വിയറ്റ്നാമീസ് കമ്പനിയായ വിൻഗ്രൂപ്പ് മഹാരാഷ്ട്രയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിനും ടൗൺഷിപ്പ് പ്രോജക്റ്റുകൾക്കുമായി 6.5 ബില്യൺ ഡോളറിന്റെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സംസ്ഥാനത്ത് ഇന്നും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊച്ചിയിൽ എസ്.ബി.ഐ ഫൗണ്ടേഷന്റെ ‘യൂത്ത് ഫോർ ഇന്ത്യ’ കോൺക്ലേവ് നടക്കുന്നു.
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് – ഹൈദരാബാദ് ടീമുകൾ ഏറ്റുമുട്ടും.
ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) മുംബൈയിൽ അന്തരിച്ചു. എട്ടു പതിറ്റാണ്ടോളം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക ആയിരുന്നു.
ഡീസൽ, ജെറ്റ് ഫ്യുവൽ (വിമാന ഇന്ധനം) എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ കുത്തനെ കൂട്ടി. ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കം.
മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 21 അനധികൃത ബങ്കറുകൾ തകർത്തു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
ട്രെയിൻ മാർഗ്ഗം മഹാരാഷ്ട്രയിലേക്ക് കടത്താൻ ശ്രമിച്ച 163 കുട്ടികളെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി.
ലഡാക്കിന് ഇനി മുതൽ സ്വന്തമായി ‘ആധാർ’ ഐഡന്റിറ്റി ലഭിക്കും. യുഐഡിഎഐ ഇതുസംബന്ധിച്ച മാറ്റങ്ങൾ വരുത്തി.
ഗുജറാത്തിൽ 50,000 കോടി രൂപയുടെ സെമികണ്ടക്ടർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു.
ഇന്ത്യൻ ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കി. സെൻസെക്സ് റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
വിഴിഞ്ഞം ആഴിമല കടൽതീരത്ത് പാറപ്പുറത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ് പത്തനംതിട്ട സ്വദേശിയായ അനീഷ് (45) മരിച്ചു. പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം ബന്ധുക്കൾക്കൊപ്പം എത്തിയപ്പോഴായിരുന്നു അപകടം.
കണ്ണൂരിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഗവർണറെ കാണുമെന്നും സുരേഷ് ഗോപി അറിയിച്ചു.
നവകേരള സർവേയ്ക്കായി ഇതുവരെ 13.04 കോടി രൂപ ചെലവായതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബ്രോഷറുകൾക്കും കത്തുകൾക്കുമായി വലിയ തുക ചെലവാക്കിയതിന്റെ കണക്കുകളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുന്നു.
മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നു ബി.ജെ.പി പ്രതീക്ഷിക്കുന്നു .
പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ മസ്തിഷ്ക ആരോഗ്യ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
ചന്ദ്രഗിരി കോട്ടയുടെ ഭരണച്ചുമതല അടുത്ത മൂന്ന് വർഷത്തേക്ക് ഡി.ടി.പി.സി ഏറ്റെടുത്തു. നവീകരിച്ച ഉദിനൂർ കൂലോം കുളം ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തു.






