പരമാധികാര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതി- വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം- മാറിക്കൊണ്ടേയിരിക്കുന്നു. റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ വോട്ട് പെട്ടികളില്‍ സമ്മതിദായകര്‍ വോട്ട് ഇടുകയായിരുന്നു. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ഓരോ പെട്ടി പോളിങ്ങ് ബൂത്തിലെ രഹസ്യമുറിയില്‍ നിരത്തിവെച്ചിട്ടുണ്ടാകും. വോട്ടു ചെയ്യാനുള്ള അര്‍ഹത ഇരുപത്തൊന്ന് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വോട്ടര്‍ പട്ടിക തയ്യാറാക്കും. ഉദ്യോഗസ്ഥന്മാര്‍ ഓരോ വീട്ടിലും പോയി വോട്ട് ചെയ്യാന്‍ അവകാശമുള്ളവരുടെ വിവരം ശേഖരിക്കും. വോട്ടര്‍ പട്ടിക തയ്യാറാക്കും. ആ പട്ടികയില്‍ പേരുള്ളവര്‍ക്കുമാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ അവകാശമുള്ളൂ. തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആര് എവിടെ (ഏത് നിയോജക മണ്ഡലത്തില്‍) മത്സരിച്ചാലാണ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുക എന്ന് നോക്കി പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നു. അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പടയാളം ഇലക്ഷന്‍ കമ്മീഷന്‍ അനുവദിക്കും- പാര്‍ട്ടി ചോദിക്കുന്ന അടയാളം മതബന്ധമുള്ളതാകരുത്. അടയാളം രേഖപ്പെടുത്തിയിട്ടുള്ള പെട്ടിയിലാണ് വോട്ടിടേണ്ടത്. നിശ്ചിത ദിവസം, സ്ഥാനാര്‍ത്ഥികളുടേയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ പെട്ടി തുറന്ന് അതിനകത്തുള്ള വോട്ടുകള്‍ എണ്ണിയെടുത്ത് ഓരോ സ്ഥാനാര്‍ത്ഥിക്കും എത്രവോട്ട് കിട്ടി എന്ന് പ്രഖ്യാപിക്കും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥി ജയിച്ചു. അയാള്‍ പ്രതിനിധീകരിക്കുന്ന സംഘത്തിനാണ് അടുത്ത അഞ്ചുകൊല്ലം ഭരണം നടത്തുന്നതിനുള്ള അവകാശം.
ഈ രീതി മാറി. പെട്ടി ഒന്ന്. ബാലറ്റ് പേപ്പറും ഒന്ന്. ഓരോ മണ്ഡലത്തിലും ജനഹിതം തേടുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അതില്‍ അച്ചടിച്ചുവെച്ചിട്ടുണ്ടാകും. പോളിങ്ങ് ബൂത്തില്‍ നിന്നു നല്‍കുന്ന മഷി പുരട്ടിയ സീല്‍ രഹസ്യ മുറിയില്‍ വെച്ച് ചിഹ്നത്തില്‍ കുത്തിയ ശേഷം പെട്ടിയില്‍ ഇടും. നിശ്ചിത ദിവസത്തില്‍ സ്ഥാനാര്‍ത്ഥികളുടെയോ, പ്രതിനിധികളുടെയോ മുമ്പില്‍ വെച്ച് പെട്ടി തുറന്ന് ബാലറ്റ് പേപ്പറുകള്‍ പുറത്തെടുത്ത് ഓരോരുത്തര്‍ക്കും എത്ര പേരുടെ സമ്മതിദാനം ലഭിച്ചിട്ടുണ്ട് എന്ന് കണ്ടുപിടിക്കും. എണ്ണം പ്രഖ്യാപിക്കും.
അതും മാറി. ഇലക്ട്രിക് വോട്ടിങ്ങ് മെഷീന്‍ സ്വീകരിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അതിലുണ്ടാകും. തനിക്ക് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെ വിരല്‍ അമര്‍ത്തുമ്പോള്‍ ബള്‍ബ് മിന്നും ആ സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തപ്പെട്ടു എന്നര്‍ത്ഥം. ഓരോ സ്ഥാനാര്‍ത്ഥിക്കും ആകെ എത്ര പേര്‍ വോട്ടു ചെയ്തു എന്ന് കണക്കാക്കുന്നതിനുള്ള സംവിധാനം പോളിങ്ങ് യന്ത്രത്തില്‍ ഉണ്ട്.
തനിക്ക് അഭിമതനായ സ്ഥാനാര്‍ത്ഥി ആര് എന്നാണ് വോട്ടര്‍ രേഖപ്പെടുത്തുന്നത്. സ്ഥാനാര്‍ത്ഥികളുടെ പേരും പടവും ചിഹ്നവും മെഷീനില്‍ കാണാം. അത് നോക്കി ബോധ്യപ്പെട്ടിട്ടാണ് വോട്ട് ചെയ്യുക. ഒരേപേരുള്ള ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടാകാം. തനിക്ക് അഭിമതന്‍ ആര് എന്ന് തിരിച്ചറിയാനാണ് ചിഹ്നം.
രാഷ്ട്രീയപ്പാര്‍ട്ടികളാണ് തങ്ങളുടെ പ്രതിനിധികളായ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. അവര്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കും. അധികാരം ലഭ്യമാകണം. എന്നാല്‍ പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ചാല്‍ വിജയിക്കും എന്ന് ഉറപ്പില്ല. ഈ സന്ദിഗ്ദ്ധഘട്ടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പലപ്പോഴും പാര്‍ട്ടിക്കാരന്‍ തന്നെയായിരിക്കും സ്വതന്ത്രക്കുപ്പായമണിഞ്ഞ് രംഗത്തിറങ്ങുന്നത്. ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിക്കൂറ് വ്യക്തമാക്കണം, രേഖപ്പെടുത്തണം. പാര്‍ട്ടിയുടെ ഹിതാനുസരണം പ്രവര്‍ത്തിക്കണം, നിയമസഭയിലും പുറത്തും.
ജനങ്ങളുടെ വോട്ട് വാങ്ങി, എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞാല്‍ തന്നിഷ്ടം നോക്കി പ്രവര്‍ത്തിക്കുന്നവരുണ്ട്. വോട്ടര്‍മാര്‍ നിസ്സഹായര്‍. വിപ്പ് ലംഘിച്ച് സഭയില്‍ വോട്ട് ചെയ്തതിനാല്‍ ആ മെമ്പറെ അയോഗ്യനാക്കണം എന്ന് ആവശ്യപ്പെടാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ലത്രേ. അധികാരത്തിന്റെ കാര്യം പറയാനുമില്ല. എന്നാല്‍ പാര്‍ട്ടി സ്വതന്ത്രന്‍ എന്ന് രേഖപ്പെടുത്തപ്പെട്ട മെമ്പര്‍, ആ പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ അയോഗ്യത കല്‍പ്പിക്കണം എന്ന് ആവശ്യപ്പെടാം. സ്പീക്കര്‍ അത് പ്രകാരം നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥനാണ്.
ഒരു പാര്‍ട്ടിയോടും ബാധ്യതയില്ലാതെ സര്‍വ തന്ത്ര സ്വതന്ത്രനായി നോമിനേഷന്‍ നല്‍കി മത്സരിക്കാവുന്നതാണ്. ജയിക്കാനുള്ള വിദൂര സാധ്യതപോലുമില്ലാതെ. മറ്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് തട്ടിയെടുക്കാം, തട്ടിമാറ്റാം; വിജയസാധ്യത കുറയ്ക്കാം.
അതിനുള്ള മറ്റൊരു വഴിയാണ് അപരപ്പയറ്റ്. ഒരു മണ്ഡലത്തില്‍ ഒരേ പേരുള്ള ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍. പോളിങ്ങ് ബൂത്തിലെത്തി ബാലറ്റ് പേപ്പര്‍ കാണുമ്പോള്‍ സന്ദിഗ്ദ്ധാവസ്ഥയുണ്ടാകും എന്ന തെറ്റിദ്ധാരണ. അതേ, തെറ്റിദ്ധാരണ തന്നെ. ബൂത്തിന്റെ പടികടക്കുമ്പോഴല്ല ആര്‍ക്ക് വോട്ട് ചെയ്യണം, എന്ന് ചിന്തിക്കുക, ഏത് ചിഹ്നത്തില്‍ വിരല്‍ തൊടണം എന്ന് ആലോചിക്കുക. അതെല്ലാം നേരത്തേ ചിന്തിച്ചുറപ്പിച്ചിട്ടാണ് സാമാന്യബുദ്ധിയുള്ളവര്‍ ബൂത്തിലേയ്ക്ക് ചെല്ലുക. എന്നിട്ടും എന്തിനാണ് അപരപ്പുറപ്പാട്?
ഓരോ സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത തുക സര്‍ക്കാരില്‍ കെട്ടിവെയ്ക്കേണ്ടതുണ്ട്. വോട്ടെണ്ണുമ്പോള്‍ നിശ്ചിത ശതമാനം വോട്ട് കിട്ടിയില്ലെങ്കില്‍ നിക്ഷേപത്തുക (കെട്ടിവെച്ചപണം) സര്‍ക്കാരിലേയ്ക്ക് പോകും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വേറെയും ചെലവ് വരും. ഇതെല്ലാം അറിയാവുന്നവര്‍ എന്തിനാണ് അപരവേഷം കെട്ടി നഷ്ടക്കച്ചവടത്തിനിറങ്ങുന്നത്?
ബൂത്തില്‍ കയറി ഇരിക്കാം. ഏജന്റുമാരെ നിയോഗിക്കാം. അതും ലാഭക്കച്ചവടമായി കാണുന്നവരുണ്ടത്രേ. ബൂത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ പക്ഷം ചേരാം. ബഹളം മൂപ്പിക്കാം. അതിന്റെ ഗുണഫലം ലഭിക്കാം. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നക്കാപ്പിച്ച നല്‍കും. അല്‍പന്മാര്‍ക്ക് ഇതും നേട്ടം! അപരനേട്ടം!
രാഷ്ട്രീയക്കളിയാട്ടം ബഹുകേമം!.







