മുളിയാറിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു; ഷാർപ്പ് ഷൂട്ടർ തോക്ക് തിരിച്ചെടുത്തത് നിയമപോരാട്ടത്തിലൂടെ, കൈയടിച്ച് നാട്ടുകാര്‍

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് നിവാസികളെ ഭീതിയിലാഴ്ത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്ത് നാടിന്റെ ഉറക്കം കെടുത്തിയ കൂറ്റന്‍ പന്നിയെ വെടിവച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ആലൂര്‍, ആലനടുക്കയില്‍ വച്ച് ഷാര്‍പ്പ് ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്നിയെ വെടിവച്ചു വീഴ്ത്തിയത്. ഒരു ക്വിന്റലില്‍ അധികം തൂക്കം വരുന്ന പെണ്‍പന്നിയാണ് വെടിയുണ്ടയ്ക്ക് ഇരയായത്. ആലൂരിലും പരിസരങ്ങളിലും സ്ഥിരമായി എത്തി കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തിയ പന്നിയെ ആണ് കൊന്നത്. ശനിയാഴ്ച രാത്രി നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പന്നിയെ വകവരുത്തിയത്. ദൗത്യ സംഘത്തില്‍ റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി വി വിനോദ് ,കാറഡുക്ക ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ കെ ബാബു എന്നിവരും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞിയും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. നടപടി ക്രമങ്ങള്‍ പ്രകാരം പന്നിയെ സംസ്‌ക്കരിച്ചതായി അധികൃതര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ പ്രകാരം ലൈസന്‍സുള്ള തോക്കുകളെല്ലാം അതാത് പൊലീസ് സ്റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്യണം. ഇതു പ്രകാരം അബ്ദുല്‍ ഗഫൂറിന്റെ തോക്കും കൈമാറിയിരുന്നു. ഇതോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം കൂടാന്‍ ഇടയാക്കിയതായി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. പഞ്ചായത്തിനും നാടിനും വേണ്ടി തന്റെ തോക്ക് നിയമപരമായി തിരികെ നല്‍കണമെന്നു കാണിച്ച് സ്‌ക്രീനിംഗ് കമ്മറ്റിക്ക് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിഗണിച്ചില്ലെന്നും പിന്നീട് ഹൈക്കോടതിയെ സമീപിച്ചാണ് തോക്ക് വിട്ടു കിട്ടിയതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. കോടതിയെ സമീപിച്ച് മറ്റു ഏതാനും ഷാര്‍പ്പ് ഷൂട്ടര്‍ന്മാര്‍ക്കും അവരുടെ തോക്കുകള്‍ തിരികെ ലഭിച്ചതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page