പാലക്കാട്: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ താഴ് വാരത്തില്‍ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നാട് നിറകണ്ണുകളുമായി കാത്തുനിന്നു. പഠനത്തിലും കലാ കായിക രംഗത്തും മികവ് പ്രകടിപ്പിക്കുന്ന ശ്രീനന്ദയുടെ വേര്‍പാട് കൂട്ടുകാര്‍ക്കും വിശ്വാസിക്കാനാവുന്നതിലും അപ്പുറമായിരുന്നു. സ്‌കൂളിലും വീട്ടിലും നാട്ടിലും ഓടിക്കളിച്ചു നടക്കുന്ന ശ്രീനന്ദ മരിച്ചുവെന്ന് വിശ്വസിക്കാന്‍ എല്ലാവരും പ്രയാസപ്പെട്ടു.
അവസാന നോക്കുകാണാന്‍ ദൂരദേശങ്ങളില്‍ നിന്നുവരെ നിരവധി പേര്‍ എത്തിയിരുന്നു. മൃതദേഹത്തില്‍ റീത്ത് വച്ച് പൊട്ടിക്കരയുന്ന സഹപാഠികള്‍ കണ്ടുനിന്നവര്‍ക്കും നൊമ്പരമായി. തങ്ങളുടെ പ്രിയ ശിഷ്യയുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് അധ്യാപകര്‍. ശ്രീനന്ദയുടെ ചിരിച്ച മുഖം മാത്രമേ തങ്ങള്‍ക്ക് കാണാന്‍ കഴിയൂ എന്ന് അവര്‍ മൗനം കൊണ്ട് പറഞ്ഞു.
ശ്രീനന്ദയെ കണ്ടു മടങ്ങുന്നവരെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്നു. തങ്ങള്‍ക്കൊപ്പം കളിച്ചുനടന്നിരുന്ന ശ്രീനന്ദയുടെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികള്‍ വിങ്ങിപ്പൊട്ടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് വ്യക്തമായിരുന്നു. ശരീരത്തിലുടനീളം മുറിവുകളുണ്ടായിരുന്നു. അസ്ഥികള്‍ പൊട്ടിയ നിലയിലായിരുന്നു. നാട്ടിലെ പൂരം ഉത്സവവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്താനാണ് 40 അംഗ സംഘം ബസില്‍ വിനോദ യാത്ര പുറപ്പെട്ടത്. ബാബ ബുദ്ധന്‍കിരിയിലെ ദത്താത്രേയ പീഠം സന്ദര്‍ശിച്ച് മാണിക്യധാര വെള്ളച്ചാട്ടത്തിലേക്ക് വരുന്ന ഭാഗത്ത് വച്ച് ശ്രീനന്ദ അപകടത്തില്‍പ്പെടുകയായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പുവരെ കൂട്ടുകാരികള്‍ക്കൊപ്പം സെല്‍ഫി എടുത്തും മറ്റും സന്തോഷത്തോടെ കളി ചിരികളുമായി നടക്കുകയായിരുന്നു. കുട്ടിയെ കാണാതായി നാലുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയെ കാണാനില്ലെന്ന വിവരമറിഞ്ഞ ഉടന്‍ കടമ്പഴിപ്പുറത്തുനിന്ന് ഒരു സംഘം അപകട സ്ഥലത്തേക്ക് തിരിച്ചു. എങ്കിലും കുട്ടിയെ ജീവനോടെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ് അവര്‍.
മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെര്‍മല്‍ ഡ്രോണിന്റെ മോണിറ്ററില്‍ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞതിനെ തുടര്‍ന്ന് ആ ഭാഗത്ത് പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഉദ്യോഗസ്ഥര്‍ക്ക് എത്താനായത്. കര്‍ണാടക പൊലീസിന്റെ സോക്കോ ടീമും ഫോറന്‍സിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തില്‍ ആയിരുന്നു പരിശോധന. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നുരാവിലെ പത്തുമണി കഴിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
പത്താം ക്ലാസ് പരീക്ഷ എഴുതി കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും ഒപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് ഹംപിയില്‍ എത്തിയ ശേഷമാണ് ശ്രീനന്ദ ഉള്‍പ്പെട്ട സംഘം ചിക്കമഗളൂരുവില്‍ എത്തിയത്. കടപ്പടിപ്പുറം സ്വദേശി രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. ഒരു സഹോദരനുമുണ്ട്.







