കോഴിക്കോട്: കോടതി പരിസരത്ത് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്. താമരശ്ശേരി കോടതിക്ക് മുന്നിലാണ് സംഭവം. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ നാലിനാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പെണ്‍കുട്ടി കാമുകന്‍ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി കാമുകനൊപ്പം സ്റ്റേഷനില്‍ എത്തിയ വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാരും കോടതിയില്‍ എത്തി. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകാനാണ് കോടതി അനുവാദം നല്‍കിയത്. തുടര്‍ന്ന് കാമുകനൊപ്പം പോകാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കോടതിയ്ക്ക് പുറത്ത് എത്തിയപ്പോള്‍ കാമുകനുമായുള്ള വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പെണ്‍കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം കാമുകനും സുഹൃത്തുക്കളും തടഞ്ഞു. ഇതോടെ കമ്പും വടികളുമെടുത്ത് ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ അടക്കം കയ്യാങ്കളിയില്‍ ഏര്‍പ്പെടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയുന്നു.







