തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍;75 മുതല്‍ 87 സീറ്റുകള്‍ നേടാന്‍ ആകുമെന്ന് കണക്കുകൂട്ടല്‍, 27 സീറ്റുകളിലെ ഫലം നിര്‍ണായകം, അമ്പലപ്പുഴയിലും പേരാവൂരിലും കടുത്ത മത്സരം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 മുതല്‍ 87 വരെ സീറ്റുകളില്‍ വിജയിച്ച് തുടര്‍ഭരണം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തല്‍. ഓരോ ജില്ലകളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രാഥമികമായി പരിശോധിച്ച് വിലയിരുത്തിയാണ് സിപിഎം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. നാളെ (ഞായറാഴ്ച )ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ കണക്കുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി അന്തിമ വിലയിരുത്തൽ നടത്തുമെന്നാണ് സൂചന.

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ഇത്തവണയും പതിവുപോലെ യുഡിഎഫ് വിജയിക്കും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഉദുമ, കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഉജ്ജ്വല വിജയം ഉറപ്പാണെന്നും വിലയിരുത്തപ്പെടുന്നു.
കണ്ണൂരില്‍ ആകെയുള്ള 11 മണ്ഡലങ്ങളില്‍ എട്ടിടത്തും വിജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ സിപിഎം വിജയം ഉറപ്പിക്കുന്നു. കണ്ണൂര്‍,പേരാവൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരം ആണെന്നാണ് വിലയിരുത്തല്‍. വയനാട് ജില്ലയില്‍ ഓരോ സീറ്റുകളില്‍ ഇരുമുന്നണികള്‍ ഓരോ സീറ്റ് വീതം നേടുമെന്നും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കടുത്ത മത്സരം ആണെന്നും വിലയിരുത്തപ്പെടുന്നു. കോഴിക്കോട് ജില്ലയില്‍ ഇത്തവണയും മേധാവിത്വം ഉറപ്പാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 6മണ്ഡലങ്ങളില്‍ ഇടതുമുന്നണിയും മൂന്നിടത്ത് യുഡിഎഫും വിജയിക്കും എന്നാണ് കണക്കുകൂട്ടല്‍. നാദാപുരം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കുന്ദമംഗലം മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടം ആണെന്നും വിലയിരുത്തുന്നു. മലപ്പുറം ജില്ലയില്‍ പൊന്നാനി ഒഴികെ 15 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും എന്നാണ് കണക്കുകൂട്ടല്‍. പാലക്കാട് ജില്ലയില്‍ പത്തിടത്തും വിജയിക്കാം എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മണ്ണാര്‍ക്കാട് യുഡിഎഫ് വിജയിക്കും എന്നും പാലക്കാട് കടുത്ത മത്സരവുമാണെന്നും വിലയിരുത്തുന്നു. തൃശ്ശൂരിലെ 10 മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാമെന്നും തൃശ്ശൂരിലും മണലൂരിലും ചാലക്കുടിയിലും കടുത്ത മത്സരമാണെന്നുമാണ് വിലയിരുത്തല്‍. എറണാകുളത്ത് യുഡിഎഫ് മേധാവിത്വം ഉണ്ടാകുമെന്നും നാലിടത്ത് വിജയിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. മൂവാറ്റുപുഴ, തൃപ്പുണിത്തുറ, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ്. ഇടുക്കി ജില്ലയില്‍ ദേവികുളം, ഉടുമ്പന്‍ ചോല മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും തൊടുപുഴ യുഡിഎഫിന് പോകുമെന്നും ഇടുക്കിയിലും പീരുമേടിലും കടുത്ത മത്സരമാണെന്നും പറയുന്നു. കോട്ടയത്ത് മേൽകൈ ഉണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. നാലു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ കടുത്ത മത്സരം ഉണ്ടായതായും വിലയിരുത്തുന്നു. ആലപ്പുഴ ജില്ലയില്‍ ആറിടത്ത് വിജയിക്കാന്‍ ആകുമെന്നും യുഡിഎഫ് രണ്ടിടത്ത് വിജയിക്കുമെന്നും ജി സുധാകരന്‍ മത്സരിച്ച അമ്പലപ്പുഴ നഷ്ടപ്പെട്ടേക്കും എന്നുമാണ് വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിക്കുമെന്ന് വിലയിരുത്തുന്നു. കൊല്ലം ജില്ലയില്‍ കാര്യമായ നഷ്ടങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പുനലൂര്‍, കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ വിജയം ഉറപ്പാക്കുമ്പോള്‍ ചവറ, പത്തനാപുരം മണ്ഡലങ്ങളില്‍ കടുത്ത മത്സരം ആണെന്ന് കണക്കുകൂട്ടുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ആധിപത്യം തുടരാന്‍ കഴിയുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ജില്ലയില്‍ ഒരിടത്തും യുഡിഎഫ് ലക്ഷ്യം കാണില്ലെന്നും നെയ്യാറ്റിന്‍കര, കോവളം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നതായും പാര്‍ട്ടി വിലയിരുത്തുന്നു.

140 അംഗങ്ങളുള്ള നിയമസഭയില്‍ 75 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തിലെത്തുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. യുഡിഎഫിന് 38 സീറ്റുകള്‍ ലഭിക്കുമെന്നും 27 മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നതായും പാര്‍ട്ടി വിലയിരുത്തുന്നു. കടുത്ത മത്സരം നടന്ന 27 സീറ്റുകളില്‍ 12 ഇടങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനു15 സീറ്റു ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഈ കണക്കുകള്‍ വെച്ചാണ് എല്‍ഡിഎഫ് 75-87 നും ഇടയില്‍ സീറ്റ് നേടി തുടര്‍ഭരണത്തില്‍ എത്തുമെന്ന് സിപിഎം വിലയിരുത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page